ജെ ടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു
വടകര ജെ ടി റോഡ് പെട്രോൾ പമ്പിന് മുന്നിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാവുന്നു. വടകര മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടന്ന നവകേരള സദസ്സിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കൗൺസിലർ എൻ കെ പ്രഭാകരൻ നൽകിയ പരാതിയിലാണ് സർക്കാർ നടപടി. പഴയ നാഷണൽ ഹൈവേക്ക് കുറുകെ ജെ ടി റോഡ് പെട്രോൾ പമ്പിന് മുൻവശത്ത് നിലവിലുള്ള കലുങ്കിന് വ്യാപ്തി കുറവായതിനാൽ ഒന്നര മീറ്റർ വീതിയിൽ പുതിയ കലുങ്ക് നിർമിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണും. പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകി. മഴക്കാലമായാൽ ചോളം വയൽ ഉൾപ്പെടെ നാലുഭാഗത്തുനിന്ന് ഇവിടേക്ക് വെള്ളം ഒഴുകിയെത്തി വാഹന ഗതാഗതത്തിനും കാൽനടയാത്രക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി കച്ചവടം നടത്താൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. റോഡരികിലെ ഒഴുക്ക് ചാലുകൾക്ക് വീതിയുണ്ടെങ്കിലും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച റോഡിന് കുറുകെയുള്ള കലുങ്കിന്റെ വീതി കുറഞ്ഞതും മാലിന്യം അടിഞ്ഞുകൂടി മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് പ്രയാസം ഉണ്ടാക്കുന്നതുമായിരുന്നു പ്രധാന പ്രശ്നം. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി വടകര ടൗൺ യൂണിറ്റും നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ടെൻഡർ നടപടി പൂർത്തിയായി ലെസ്ലീ ജോൺ എന്ന കരാറുകാരനാണ് പ്രവൃത്തി ഏറ്റെടുത്തത്. നിർമാണ പ്രവൃത്തി ഉടൻ തുടങ്ങും. Read on deshabhimani.com