മഴ കനക്കുന്നു

ചെമ്പുകടവ് പാലത്തിലൂടെ ചാലിപ്പുഴ ഒഴുകുന്നു


സ്വന്തം ലേഖകൻ കോഴിക്കോട്‌ ജില്ലയിൽ വീണ്ടും മഴകനക്കുന്നു. മലയോരത്തും നഗരപ്രദേശങ്ങളിലും തിങ്കൾ രാവിലെ മുതൽ മഴ കനത്തു. കാറ്റും ശക്തമാണ്‌. മുക്കം, കക്കോടി, ബാലുശേരി നടുവണ്ണൂർ, പേരാമ്പ്ര, കുറ്റ്യാടി, താമരശേരി, കൊയിലാണ്ടി തുടങ്ങിയ മേഖലകളിലെല്ലാം മഴ ശക്തമായി.   ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്‌ച സ്‌കൂളുകൾക്കും അങ്കണവാടികൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധിയില്ല. മുക്കം തിമർത്ത് പെയ്ത കനത്ത മഴയിൽ മലയോരത്ത് പുഴകൾ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചാലിപ്പുഴയിലെ മലവെള്ള പാച്ചിലിൽ കോടഞ്ചേരി ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴയും ചാലിപ്പുഴയും ചെറുപുഴയും ചാലിയാറും നിറഞ്ഞൊഴുകുകയാണ്. പുഴയോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ചെമ്പുകടവ് പാലം വെള്ളത്തിൽ മുങ്ങിയതിനാൽ ഇരുകരകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു.മുകളിൽനിന്ന് മരങ്ങൾ ഒലിച്ചെത്തി പാലത്തിനടുത്ത് പുഴയിൽ അടിഞ്ഞതോടെയാണ്  ചെമ്പുകടവ് പാലം വെള്ളത്തിലായത്. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മിക്കയിടങ്ങളിലും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. ഏതാനും വീടുകൾക്കും കേട്‌ പറ്റി.    കോടഞ്ചേരി മേഖലയിലെ വിദ്യാലയങ്ങൾക്ക് ഉച്ചക്ക് ശേഷം അവധി നൽകി. കനത്ത മഴയിൽ കൂടരഞ്ഞി കരിങ്കുറ്റി മുണ്ടാട്ടുപടി റോഡിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ്  പേഴുങ്കോട്ടിൽ രാധാകൃഷ്ണന്റെ വീട് അപകടാവ സ്ഥയിലായി. കാരശേരി കാരമൂല ചുണ്ടക്കമണ്ണിൽ  പങ്കജാക്ഷന്റെ വീടിനുമുകളിൽ തെങ്ങ് വീണ് മേൽക്കൂരയ്ക്ക് കേട്‌ പറ്റി. കക്കയം ഡാം 
തുറന്നേക്കും കോഴിക്കോട് കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലസംഭരണിയിലെ ജലനിരപ്പ് വലിയതോതിൽ ഉയരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിക്കാനും അധികജലം പുറത്തേക്ക് ഒഴുക്കിവിടാനും സാധ്യതയുണ്ട്‌.   കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News