എ കെ ജി ഓഡിറ്റോറിയം ഉദ്‌ഘാടനം നാളെ
കോഴിക്കോട് സിപിഐ എം അംഗങ്ങളിൽനിന്ന് സ്വരൂപിച്ച സംഭാവനകൊണ്ട് കോഴിക്കോട് എ കെ ജി ഹാളിന് പുതുമോടി. ഒരുകാലത്ത് കോഴിക്കോടിന്റെ പുരോഗമന രാഷ്‌ട്രീയ–- സാമൂഹ്യ–-സാംസ്‌കാരിക വേദിയായ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് കോമ്പൗണ്ടിലെ എ കെ ജി ഹാൾ പൊളിച്ചുമാറ്റിയാണ് ആധുനിക സംവിധാനങ്ങളോടെ എല്ലാ സൗകര്യവുമുള്ള അതിമനോഹരമായ ഓഡിറ്റോറിയം നിർമിച്ചത്. പ്രക്ഷോഭങ്ങൾ ജീവവായുകണക്കെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരി എ കെ ജിയുടെ നാമധേയത്തിൽ പാർടി കേരളഘടകം പിറന്ന മണ്ണിൽ ഉയരുന്നത് ഉജ്വല സ്‌മാരകം. ജില്ലയിലെ പാർടി അംഗങ്ങളിൽനിന്നുമാത്രം പിരിച്ചെടുത്ത തുകകൊണ്ട് ഒരുക്കിയ ഓഡിറ്റോറിയം ചൊവ്വാഴ്‌ച കോടിയേരി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈകിട്ട് നാലിനാണ് ഉദ്‌ഘാടനം. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും. കാലപ്പഴക്കത്താൽ നശിച്ച് ഇടിഞ്ഞുവീഴാറായ എ കെ ജി ഹാൾ നവീകരിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴാണ് ജില്ലയിലെ പാർടി അംഗങ്ങളിൽനിന്ന് തുക സമാഹരിച്ച് പുതിയ കെട്ടിടം നിർമിക്കണമെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. തങ്ങളാൽ കഴിയുന്ന തുക ഓരോ പാർടി അംഗവും നൽകിയാണ് ഈ ഓഡിറ്റോറിയം നിർമിക്കാനായതെന്ന് പാർടി ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. കോമ്പൗണ്ടിനോട് ചേർന്ന് 13 സെന്റ് സ്ഥലം വിലയ്‌ക്കുവാങ്ങി കണ്ണൂർ റോഡിൽനിന്ന് ഓഡിറ്റോറിയത്തിലേക്കുള്ള വഴിയും മറ്റു സംവിധാനങ്ങളുമൊരുക്കി. ഓഡിറ്റോറിയത്തിന് വിശാലമായ മുറ്റവും പാർക്കിങ് സൗകര്യവുമുണ്ട്. ശീതീകരിച്ച ഓഡിറ്റോറിയത്തിൽ അറുനൂറിലേറെ ആളുകൾക്ക് ഒരേ സമയം ഇരിക്കാം. സ്‌റ്റേജ്, ഗ്രീൻറൂം, ഓഫീസ്, ടോയ്‌ലറ്റ്, ലിഫ്‌റ്റ് സൗകര്യങ്ങളുമുണ്ട്. എൽഇഡി വാൾ, മികച്ച സൗണ്ട് സിസ്‌റ്റം എന്നിവയും ഒരുക്കി. ആദ്യഘട്ടത്തിൽ പാർടി പരിപാടികൾക്കും മറ്റു വർഗ–-ബഹുജന സംഘടനകളുടെ പരിപാടികൾക്കുമായിരിക്കും ഓഡിറ്റോറിയം വേദിയാവുക. പൊതുപരിപാടികൾക്ക് നൽകുന്നതിനെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പി മോഹനൻ പറഞ്ഞു. 4513 ബ്രാഞ്ചുകളിലെ 55,559 അംഗങ്ങളിൽനിന്ന് സ്വരൂപിച്ചെടുത്ത അഞ്ചരക്കോടിയിലേറെ രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. ഇതോടെ ജില്ലയിലെ പാർടി അംഗങ്ങൾ തീർത്തത് മറ്റൊരു മഹാമാതൃക. എം കെ കേളുഏട്ടൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് എ കെ ജിയുടെ പേരിൽ ഹാൾ പണിതത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ടി കെ രാമകൃഷ്‌ണനാണ് ഹാൾ ഉദ്‌ഘാടനംചെയ്‌തത്. ആസ്‌ബസ്‌റ്റോസ് ഷീറ്റിട്ട ഒറ്റനില കെട്ടിടം പിന്നീട് നിരവധി സമ്മേളനങ്ങൾക്കും കൺവൻഷനുകൾക്കും പഠനക്യാമ്പുകൾക്കും വേദിയായി. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടം മാറ്റിപ്പണിയാൻ 2017 ലാണ് തീരുമാനിച്ചത്. 2023 ഏപ്രിൽ ഒമ്പതിന് കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമാണ് തറക്കല്ലിട്ടത്. ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമയ്ക്കായി ഓപ്പൺ ഓഡിറ്റോറിയവും ഒരുക്കാൻ പദ്ധതിയുണ്ട്. Read on deshabhimani.com