സിപിഐ എം പേരാമ്പ്ര, കക്കോടി ഏരിയാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
പേരാമ്പ്ര സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് ശനിയാഴ്‌ച തുടക്കമാകും. പന്തിരിക്കര ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ (കെ കെ രാഘവൻ നഗർ) ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. വി വി ദക്ഷിണാമൂർത്തിയുടെ പാലേരിയിലെ സ്മൃതിമണ്ഡപത്തിൽനിന്ന് മകൻ അജയ്കുമാർ കൈമാറിയ ദീപശിഖ ഏരിയാ കമ്മിറ്റി അംഗം എം വിശ്വന്റെ നേതൃത്വത്തിൽ നിരവധി അത്‌ലറ്റുകൾ റിലേയായി പ്രതിനിധി സമ്മേളന നഗരിയിൽ എത്തിച്ചു. ഇരുചക്ര വാഹനങ്ങൾ ദീപശിഖാ റാലിക്ക് അകമ്പടിയേകി. മുതിർന്ന നേതാവ് എ കെ ശ്രീധരൻ സമ്മേളന നഗരിയിൽ ദീപശിഖ ജ്വലിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞമ്മത്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞിക്കണ്ണൻ, എൻ പി ബാബു, കെ സുനിൽ, എം വിശ്വൻ, ഉണ്ണി വേങ്ങേരി, പി എസ് പ്രവീൺ എന്നിവർ സംസാരിച്ചു. ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്തവരും ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 172 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഞായർ വൈകിട്ട് ചുവപ്പുസേനാ മാർച്ചും പ്രകടനവും നടക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിക്കും. കക്കോടി സിപിഐ എം കക്കോടി ഏരിയാ സമ്മേളനത്തിന് ശനിയാഴ്‌ച തുടക്കമാകും. വിദ്യാർഥികളുടെ അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിയായ പ്രദീപ് കുമാറിന്റെ അമ്മയിൽനിന്ന് രാവിലെ എട്ടിന് ഏരിയാ കമ്മിറ്റി അംഗം വി മുകുന്ദൻ ദീപശിഖ ഏറ്റുവാങ്ങും. ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നിരവധി അത്‌ലറ്റുകളുടെ അകമ്പടിയോടെ പ്രതിനിധി സമ്മേളനം നടക്കുന്ന മാമ്പറ്റ കരുണാകരൻ നഗറിൽ (കിരാലൂർ വി കെ എസ് ഓഡിറ്റോറിയം) എത്തിച്ചേർന്ന് ദീപം ജ്വലിപ്പിക്കും. ഏരിയാ കമ്മിറ്റി അംഗം കെ ചന്ദ്രൻ പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക സമ്മേളനം ഉദ്ഘാടനംചെയ്യും. ഏരിയയിലെ 21 ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 144 പ്രതിനിധികളും 22 ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 166 പേർ സമ്മേളനത്തിൽ പങ്കെടുക്കും. ഞായറാഴ്‌ച ചുവപ്പുസേനാ മാർച്ചും പ്രകടനവും നടക്കും. സീതറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും. Read on deshabhimani.com