തോരാതെ 
പെരുമഴ

വിലങ്ങാട് ഉരുൾപൊട്ടിയപ്പോൾ


സ്വന്തം ലേഖകൻ കോഴിക്കോട് ജില്ലയിൽ ഭീതിയുയർത്തി അതിതീവ്രമഴ തുടരുന്നു. വിലങ്ങാട് മലയങ്ങാട് ഭാഗത്ത്‌ ഉരുൾപൊട്ടി. ഒരാളെ കാണാതായി. കണ്ണാടിക്കൽ കനാലിൽ വീണ്‌ ഒരാൾ മരിച്ചു. പുളിക്കൽ പീടികയിലെ തലവീട്ടിൽ ഹൗസിൽ സുബൈർ(കുട്ടിമാൻ,-42) ആണ്‌ മരിച്ചത്‌.  എൻഡിആർഎഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഉരുൾപൊട്ടലിൽ മലയങ്ങാട് പാലം ഒലിച്ചുപോയി. പുഴയുടെ തീരത്തുള്ള നാല്‌ വീടുകൾ ഭാഗികമായി തകർന്നു. പാലം തകർന്നതിനെ തുടർന്ന് 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.  കൈതപ്പൊയിൽ -ആനോറമ്മൽ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലിൽ 80 മീറ്ററോളം റോഡ് മണ്ണിനടിയിലായി. ഇവിടെനിന്ന് ഏഴ്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറ്റ്യാടി മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. കടന്തറ പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് പൃക്കൻതോട്, സെന്റർ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്ക് മാറ്റി.  കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാൽ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയർത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.  ശക്തമായ മഴയെത്തുടർന്ന് പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാനും നിർദേശം നൽകി.   Read on deshabhimani.com

Related News