ദീപാവലി മധുരം വിളമ്പി ജൂബിലി
കോഴിക്കോട് നഗരത്തിൽ കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള ദീപാവലി പലഹാരങ്ങൾ ജനങ്ങളിലേക്കെത്തിച്ച് സഹകരണത്തൊഴിലാളികൾ. വെസ്‌റ്റ്‌ഹിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള ജൂബിലി ബേക്കറിയാണ് മുതലക്കുളത്തും മേലേ പാളയത്തും ദീപാവലി സ്റ്റാളുകൾ നടത്തുന്നത്. 1983 മുതൽ പ്രവർത്തിക്കുന്ന ബേക്കറി ദീപാവലിക്കും ക്രിസ്‌മസിനുമാണ് പ്രത്യേക വിൽപ്പന നടത്താറ്. സോൻ പാപ്ടി, ബർഫി, പേഡ അടക്കമുള്ള ബംഗാളി പലഹാരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്നും ദിവസം ആയിരത്തോളം പാക്കറ്റുകൾ വിറ്റുപോകുന്നുണ്ടെന്നും സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ ശശീന്ദ്രൻ പറഞ്ഞു. ബംഗാളി പലഹാരങ്ങളുടെ പാക്കറ്റിന് കിലോയ്ക്ക് 460 രൂപയും മറ്റു പലഹാരങ്ങൾക്ക് 260 രൂപയുമാണ് വില. 28ന് തുടങ്ങിയ വിൽപ്പന വെള്ളിയാഴ്‌ച അവസാനിക്കും. Read on deshabhimani.com