ബീഡി കമ്പനിയിൽ തുടങ്ങിയ വായനക്കാലം

തോപ്പിൽ ഉമ്മർകുട്ടി


വണ്ടൂർ വണ്ടൂരിലെ ദോസ്തി ബീഡി കമ്പനിയിൽനിന്നാണ്‌ തോപ്പിൽ ഉമ്മർകുട്ടി ആദ്യമായി ദേശാഭിമാനി വായന തുടങ്ങുന്നത്‌. പിന്നീട്‌ തൊഴിലാളികൾക്ക്‌ പത്രം വായിച്ചുകേൾപ്പിക്കും. 67–-ാം  വയസ്സിലും ദേശാഭിമാനി വായന ജീവിതത്തിന്റെ ഭാഗമാണ്‌.  1978 –-ലാണ് വണ്ടൂർ മഞ്ചേരി റോഡിലെ ദോസ്തി ബീഡി കമ്പനിയിൽ ഉമ്മർകുട്ടി പാക്കിങ് തൊഴിലാളിയായത്. അന്നുമുതൽ  സഹപ്രവർത്തകരായ ബീഡി തെരുപ്പുകാർക്ക് ദേശാഭിമാനി വായിച്ചുകൊടുക്കുന്ന ഉത്തരവാദിത്വവും ഏറ്റെടുത്തു. തെരച്ചെടുത്ത ബീഡികൾ ചേക്കിൽ (ഉണക്കാൻ)വയ്‌ക്കുന്ന സമയത്താണ് ദേശാഭിമാനി വായന. തന്റെ രാഷ്‌ട്രീയബോധത്തെ ആഴത്തിൽ സ്വാധീനിച്ചത്‌ ദേശാഭിമാനി വായനയാണെന്ന്‌ ഉമ്മർകുട്ടി പറയുന്നു.   മധുരകറിയൻ വീരാൻകുട്ടിയായിരുന്നു ദോസ്തി ബീഡി കമ്പനി ഉടമ. അദ്ദേഹത്തിന്റെ മരണശേഷം സഹോദരൻ അബ്ദുറഹിമാൻ ഏറ്റെടുത്തു. അമ്പതോളം തൊഴിലാളികളാണുണ്ടായിരുന്നത്.  ബീഡി കമ്പനിതന്നെയായിരുന്നു സിപിഐ എം ഓഫീസ്‌.  പാർടിയുടെ പ്രക്ഷോഭങ്ങളുണ്ടാകുമ്പോൾ ബീഡി തെരുപ്പുകാരെല്ലാം പങ്കെടുക്കും.  തിരിച്ചുവന്ന് വീണ്ടും ബീഡ് തെരുപ്പ് ആരംഭിക്കും. ബീഡി കമ്പനിക്ക് തൊട്ടുതന്നെ പാർടി  ഓഫീസായതിനാൽ പല ഉന്നത നേതാക്കളും പാർടി ഓഫീസിൽ എത്തിയാൽ പത്രവായന സസൂക്ഷ്മം കേൾക്കുമായിരുന്നു. ഇ എം എസ്, നായനാർ, പി വി കുഞ്ഞിക്കണ്ണൻ, പാലോളി മുഹമ്മദ്കുട്ടി, കെ സെയ്താലികുട്ടി, ഇമ്പിച്ചിബാവ, ടി കെ രാമകൃഷ്ണൻ എന്നിവരെല്ലാം ഓഫീസിൽ എത്തുമ്പോൾ പത്രവായനയും തുടർന്നുള്ള ചർച്ചകളെല്ലാം കൗതുകപൂർവം വീക്ഷിച്ചിരുന്നുവെന്നും ഉമ്മർകുട്ടി പറഞ്ഞു.   രാഷ്‌ട്രീയത്തിൽ സജീവമായ അദ്ദേഹം പിന്നീട്‌ സിപിഐ എം വണ്ടൂർ ഏരിയാ കമ്മിറ്റി അംഗമായി. ആരോഗ്യ വകുപ്പിൽ പാർട്‌ടൈം കണ്ടിജന്റ്‌ ജീവനക്കാരനായി, പാർട്‌ടൈം കണ്ടിജന്റ്‌ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായി. നഴ്സിങ്‌ അസിസ്റ്റന്റായി വിരമിച്ചശേഷം വീണ്ടും പാർടിയിൽ സജീവമായി. നിലവിൽ സിപിഐ എം വണ്ടൂർ പടിഞ്ഞാറെത്തല ബ്രാഞ്ച് സെക്രട്ടറിയാണ്‌. Read on deshabhimani.com

Related News