സ്‌കൂൾ കെട്ടിടം ഫിറ്റ്‌നസ്‌ പ്രശ്‌നത്തിന്‌ പരിഹാരം



    മലപ്പുറം സർക്കാർ,- എയ്ഡഡ് സ്കൂൾ കെട്ടിടങ്ങളുടെ പുതുക്കിയ വിവരങ്ങൾ സഞ്ചയ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള തദ്ദേശവകുപ്പിന്റെ തീരുമാനം വർഷങ്ങളായി പൊതുവിദ്യാലയങ്ങൾ നേരിടുന്ന ഫിറ്റ്നസ് പ്രശ്‌നത്തിന്‌ പരിഹാരമാകും. സ്കൂൾ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്മെന്റ് രജിസ്റ്ററിൽ ചേർത്തിട്ടില്ലാത്തതിനാൽ പെർമിറ്റ്/ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനം. മലപ്പുറത്തെ തദ്ദേശ അദാലത്തിൽ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച അപേക്ഷയിലാണ് നടപടി.  പല സ്കൂളുകൾക്കും പഴയ കെട്ടിടമാണ് നിലവിലുള്ളത്. ഇതിന്റെ രേഖ പഞ്ചായത്തിലോ സഞ്ചയ പോർട്ടലിലോ ഇല്ല. സ്കൂളുകൾക്ക് നികുതി ഒഴിവായതിനാൽ ശരിയായ വിസ്തീർണം ഉൾപ്പെടുത്തിയിട്ടുമില്ല. എന്നാൽ, പുതിയ കെട്ടിടം നിർമിക്കാൻ പെർമിറ്റിനും ഫിറ്റ്നസ് സംബന്ധമായ ആവശ്യങ്ങൾക്കും കെട്ടിട വിവരങ്ങൾ വേണം.   കെട്ടിടം നേരത്തെയുണ്ടായിരുന്നുവെന്ന രേഖകൾ നൽകിയാൽ സഞ്ചയ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. മുൻവർഷങ്ങളിൽ ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സൂപ്പർവിഷൻ ചാർജ് അടച്ച രേഖകൾ, മതിയായ മറ്റു രേഖകൾ എന്നിവ തെളിവായി നൽകാം. കെട്ടിടനിർമാണ ചട്ടങ്ങൾ വരുന്നതിനുമുമ്പുള്ളവയെയും ശേഷമുള്ളവയെയും അതത് കാലത്തെ നിയമത്തിനനുസരിച്ച്‌ പരിഗണിക്കും. ചട്ടങ്ങൾ ബാധകമാകുന്നതിനുമുമ്പുള്ള കെട്ടിടങ്ങളെ ക്രമവൽക്കരണ ഫീസില്ലാതെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടാത്ത മൂത്രപ്പുര, കഞ്ഞിപ്പുര, സ്റ്റേജ്  എന്നിവയുടെ വിസ്തീർണവും ഉൾപ്പെടുത്തും. ഇവയുടെ വിസ്തീർണം സംബന്ധിച്ച സത്യവാങ്മൂലം സർക്കാർ സ്കൂളുകളിൽ പ്രിൻസിപ്പൽ/പ്രധാനാധ്യാപകൻ, എയ്ഡഡ് സ്കൂളുകളിൽ മാനേജർ എന്നിവർ മൂന്ന് മാസത്തിനകം നൽകാനും നിർദേശമുണ്ട്.  Read on deshabhimani.com

Related News