പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിൽ മുസ്ലിംലീഗ് പ്രവർത്തകരുടെ പരാക്രമം
മഞ്ചേരി യു എ ലത്തീഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിൽ മുസ്ലിംലീഗ് പരാക്രമം. പ്രാദേശിക നേതാക്കൾ ഫയലുകൾ എടുത്തെറിഞ്ഞു. വിവിധ ആവശ്യങ്ങൾക്ക് എത്തിയവരെ ഓഫീസിൽ കയറാനും അനുവദിച്ചില്ല. ബുധൻ രാവിലെയാണ് മഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിയ സംഘം എക്സിക്യൂട്ടീവ് എൻജിനിയറെ ഓഫീസിൽ പൂട്ടിയിട്ടത്. അക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓഫീസ് ചേമ്പറിൽ കയറിയാണ് ലീഗുകാര്‍ പ്രകോപനപരമായി പെരുമാറിയത്. ഭീഷണിപ്പെടുത്തുന്നതും ഫയലുകൾ എടുത്തെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. എംഎൽഎ ശാന്തരാകാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രവർത്തകരാരും ചെവിക്കൊണ്ടില്ല. നഗരത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം എംഎൽഎയുടെ അനാസ്ഥയാണെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എത്തിയത്. ജസീല ജങ്ഷൻമുതലുള്ള ഭാഗം അറ്റകുറ്റപ്പണി നടത്താൻ നിശ്ചയിച്ചിരിക്കെയാണ് പ്രതിഷേധം. എന്നാലിത് എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിന്റെ ചുമതലയല്ലെന്നും റോഡ് പരിപാലന വിഭാഗത്തിന്റെ ചുമതലയാണെന്നും എൻജിനിയർ പ്രവർത്തകരെ ബോധിപ്പിച്ചു. സർക്കാർ ഓഫീസ് അക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ലീഗ് അക്രമത്തിൽ പ്രതിഷേധിക്കുക മലപ്പുറം ജില്ലാ ലേബർ ഓഫീസിലും മഞ്ചേരി പൊതുമരാമത്ത് വകുപ്പ് ഡിവിഷൻ ഓഫീസിലും ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കണമെന്ന് മുഴുവൻ ജീവനക്കാരോടും എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തു. ജീവനക്കാർക്ക് സ്വൈരവും സുരക്ഷിതവുമായി ജോലിചെയ്യുന്നതിനുള്ള സൗകര്യം അധികാരികൾ ഒരുക്കണം. ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാൽ, ജില്ലാ ട്രഷറര്‍ വി വിജിത്, ഏരിയാ സെക്രട്ടറി പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com