രാജ്യം തകർച്ചയെ നേരിടുന്നു: ജെ ചെലമേശ്വർ
തിരൂർ മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്ത്യൻ സമൂഹം തകർച്ചയെ നേരിടുകയാണെന്ന് മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ് ജെ ചെലമേശ്വർ. തുഞ്ചൻ ഉത്സവത്തിൽ ‘നാം എങ്ങോട്ട്’ സെമിനാറിൽ ‘ഭരണഘടന പ്രസക്തിയും പ്രാധാന്യവും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്ഥാപനങ്ങളിലെ അവസാനിക്കാത്ത അഴിമതി ജനങ്ങൾക്ക് ഭരണാധികാരികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. ഭരണഘടന വിഭാവനംചെയ്ത സ്വാതന്ത്യമെന്നത് കിട്ടാക്കനിയാണ്. ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമൂഹം വിഭജിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റുകളുടെ സ്റ്റെനോഗ്രാഫറായി മാധ്യമപ്രവർത്തകർ മാറിയെന്ന് ‘മാധ്യമത്തിന്റെ വർത്തമാനം’ വിഷയത്തിൽ സംസാരിച്ച പ്രശസ്ത പത്രപ്രവർത്തകൻ പി സായ്നാഥ് പറഞ്ഞു. വ്യവസായമേഖല മാധ്യമങ്ങളെ പിടിമുറുക്കുന്നു. സ്വകാര്യ ടെലിഫോൺ കമ്പനിയായ ജിയോയുടെ പരസ്യമോഡലായി പ്രധാനമന്ത്രി പ്രവർത്തിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ തകിടംമറിച്ച് ശിക്ഷാർഹമായ പ്രവൃത്തിയാണ് ഇതിലൂടെ ചെയ്യുന്നത്–-സായ്‌നാഥ് പറഞ്ഞു. സംഘപരിവാർ ഭരണകൂടം ഇന്ത്യയുടെ സുവർണകാലത്തെ തകർത്തതായി ‘എഴുത്ത് എവിടേക്ക്’ വിഷയത്തിൽ സംസാരിച്ച സക്കറിയ പറഞ്ഞു. പേടിസ്വപ്നങ്ങളാണ് നമ്മുടെ മനസ്സിലേക്ക് കടത്തിവിടുന്നത്. എങ്ങനേയും പണമുണ്ടാക്കണം എന്ന നിലയിലേക്ക് ഭരണാധികാരികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായി. അഡ്വ. വിക്രംകുമാർ സ്വാഗതവും കെ എസ് വെങ്കിടാചലം നന്ദിയും പറഞ്ഞു. ‘സാമ്പത്തികരംഗം പ്രതീക്ഷയും ആശങ്കയും’ സെഷനിൽ ജയതിഘോഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജിഎസ്ടിയും നോട്ടുനിരോധവും ഇന്ത്യൻ സാമ്പത്തികരംഗത്തെ തകർത്തതായി അവർ പറഞ്ഞു. സ്വകാര്യ സർവകലാശാലകൾക്ക് പ്രോത്സാഹനം നൽകുകയാണ് കേന്ദ്ര സർക്കാരെന്ന് മലയാള സർവകലാശാലാ മുൻ വൈസ് ചാൻസലർ കെ ജയകുമാർ അഭിപ്രായപ്പെട്ടു. ഡോ. കെ മുരളീധരൻ അധ്യക്ഷനായി. ഡോ. കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. രാജ്യത്തെ പ്രതിസന്ധി കഥയിലൂടെ അവതരിപ്പിച്ച് എം ടി തിരൂർ മുടന്തനായ രാജാവിന് അധികാരത്തിലേറാൻ പ്രജകളെയെല്ലാം മുടന്തനാക്കുന്ന ഗ്രോത്രവർഗ സമൂഹത്തിന്റെ കഥ പറഞ്ഞ് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെ ഭീകരമുഖം തുറന്ന് എം ടി വാസുദേവൻ നായർ. തുഞ്ചൻ ഉത്സവത്തിലെ ‘നാം എങ്ങോട്ട്’ ദേശീയ സെമിനാറിലെ ആമുഖ പ്രഭാഷണത്തിലാണ് മുടന്തൻ രാജാവിന്റെ ക്രൂരത പറയുന്ന ‘എലിയാസ് കനെറ്റിയുടെ ക്രൗഡ്സ് ആൻഡ് പവർ’ പുസ്തകം എം ടി സൂചിപ്പിച്ചത്. പ്രജകളെ മുടന്തരാക്കുന്ന രാജാക്കൻമാരുടെ ഗോത്രത്തിനുപുറമേ ചില ഗോത്രങ്ങളിൽ അധികാരത്തിലേറുന്നതിനുമുൻപ് രാജാക്കൻമാരെ ചീത്ത പറയുകയും തുപ്പുകയും മറ്റുംചെയ്യുന്ന രീതികളുമുണ്ടായിരുന്നുവെന്നും എം ടി പറഞ്ഞു. സമൂഹത്തിന് നമ്മെകൊണ്ട് എന്തെല്ലാം കഴിയും എന്ന് ആലോചിക്കേണ്ട ഘട്ടമാണ് കടന്നുപോകുന്നത്. നമ്മെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോൾ നമ്മൾ എന്ന ചിന്ത പതുക്കെ മാഞ്ഞുപോകുകയാണ്. ഞാൻ എന്നതിനപ്പുറം നമ്മൾ എന്ന നിലയിൽ ചിന്തിച്ചാൽ മറുവശത്തെ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. Read on deshabhimani.com