സർക്കാരിന്റെ 10 കോടി നഷ്ടപ്പെടുത്തി തിരൂർ നഗരസഭ
തിരൂർ തിരൂർ രാജീവ് ഗാന്ധി നഗരസഭാ സ്റ്റേഡിയം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപ വേണ്ടെന്ന് നഗരസഭാ ഭരണസമിതി. കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ അവഗണിച്ചാണ് സർക്കാർ ഫണ്ട് ആവശ്യമില്ലെന്ന് തീരുമാനിച്ചത്. ഇതോടെ യുവാക്കളുടെ സ്വപ്‌നമായ താഴെപ്പാലം സ്‌റ്റേഡിയം നവീകരണം വഴിമുട്ടി. സ്‌റ്റേഡിയം അന്താരാഷ്‌ട്ര നിലവാരത്തിൽ നവീകരിക്കുമെന്ന് വാഗ്ദാനം നൽകിയാണ് യുഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തിയത്. മന്ത്രി വി അബ്ദുറഹ്‌മാൻ മുൻകൈയെടുത്ത് ജൻമനാട്ടിലെ സ്റ്റേഡിയം നവീകരണത്തിന് ഫണ്ട് ലഭ്യമാക്കി. കിഫ്ബിവഴിയുള്ള പണം ഉപയോഗിച്ച് സ്റ്റേഡിയം നിർമിക്കാൻ താൽപ്പര്യമില്ലെന്നാണ് നഗരസഭാ ഭരണസമിതിയുടെ നിലപാട്. സർക്കാർ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം നവീകരിച്ചാൽ പ്രവൃത്തിയുടെ ക്രഡിറ്റ് ലഭിക്കില്ലെന്നതാണ് തീരുമാനത്തിന് കാരണമെന്നാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ മുഖംരക്ഷിക്കാൻ സ്റ്റേഡിയം നവീകരണ പദ്ധതി തയ്യാറാക്കാൻ കലിക്കറ്റ് സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. സക്കീർഹുസൈനെ ചുമതലപ്പെടുത്തി. ഒന്നരവർഷംമാത്രം കാലാവധിയുള്ള ഭരണസമിതിക്ക് എങ്ങനെയാണ് സ്റ്റേഡിയം നവീകരിക്കാൻ കഴിയുകയെന്ന് പ്രതിപക്ഷം ചോദിച്ചു. പണം നഷ്ടപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. Read on deshabhimani.com