ചാലിയാറിലെ തിരച്ചിലിന് വിലങ്ങ് ‘തടി’
എടക്കര വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിലിനെ തുടർന്ന് ചാലിയാറിൽ തുടരുന്ന തിരച്ചിൽ ദുഷ്‌കരമാക്കി മരങ്ങളും മുളങ്കൂട്ടങ്ങളും. വൻമരങ്ങളും ഭാഗങ്ങളുമാണ് ചാലിയാറിന്റെ തീരത്തും പാലങ്ങൾക്കുസമീപവും അടിഞ്ഞുകൂടിയിരിക്കുന്നത്. മൃതദേഹങ്ങൾക്കും അവശിഷ്‌ടങ്ങൾക്കുമായി ചാലിയാറിന്റെ ഉത്ഭവസ്ഥാനംമുതൽ മുണ്ടേരി, പോത്തുകല്ല്, ഞെട്ടിക്കുളം, കൈപ്പിനി, ചുങ്കത്തറ ഉൾപ്പെടെയുള്ള ചാലിയാർ പുഴയുടെ തീരങ്ങളിലാണ് ദിവസങ്ങളായി തിരച്ചിൽ നടത്തുന്നത്. എന്നാൽ മലവെള്ളത്തിൽ ഒഴുകിയെത്തിയ കൂറ്റൻമരങ്ങളും കൊമ്പുകളും മുളങ്കൂട്ടങ്ങളും പുഴയുടെ തീരങ്ങളിൽ പരന്നുകിടക്കുകയാണ്. 2019-ൽ പ്രളയത്തിൽ തകർന്ന ശാന്തിഗ്രാം ഉൾപ്പെടെയുള്ള പാലങ്ങളുടെ അവശിഷ്ടങ്ങളോടുചേർന്നാണ് വലിയ മുളങ്കൂട്ടങ്ങൾ കിടക്കുന്നത്. ഞെട്ടിക്കുളം, കൈപ്പിനി പാലങ്ങളുടെ താഴെയും മരങ്ങൾ അടിഞ്ഞു. ഇവ വിവിധ സംഘടനകൾ നീക്കംചെയ്‌തു. പുഴയോരങ്ങളിൽ അടിഞ്ഞുകൂടിയ മുളങ്കൂട്ടത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ വൻശിഖരങ്ങൾക്കിടയിൽ തിരച്ചിൽ ദുഷ്‌കരമാണ്. പലയിടത്തും ഇനിയും ഒഴുക്ക് കുറഞ്ഞാലേ മുളങ്കൂട്ടങ്ങൾ പൂർണമായി വെട്ടിമാറ്റാനാകൂ. നേരത്തേ പുഴയിലെ വെള്ളം കുറഞ്ഞാൽ പരിസരവാസികളും മറ്റും മരക്കഷ്‌ണങ്ങൾ വിറകിനായി ശേഖരിക്കുക പതിവാണ്. എന്നാൽ ഇത്തവണ ആരും ഇവ ശേഖരിക്കാൻ വരുന്നില്ല. വിലകൂടിയ ഇനങ്ങളല്ലാത്തതിനാൽ ഇവ ശേഖരിക്കാൻ വനംവകുപ്പിനും തടസ്സമുണ്ട്. മരങ്ങൾ പൂർണമായി നീക്കിയാൽമാത്രമേ പുഴയുടെ ഒഴുക്കും തിരച്ചിലും സുഗമമാകൂ. പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ വ്യാപകമാക്കി എടക്കര മുണ്ടക്കൈ ഉരുൾപൊട്ടലിൽ ചാലിയാറിൽ തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്‌ച മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. മഴ കുറഞ്ഞതിനാൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതിനാൽ പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ വ്യാപകമാക്കി. പൊലീസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേനാ സംഘമാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. പ്രദേശിക ക്ലബ്ബുകൾ, മറ്റ് സന്നദ്ധ സംഘടനകൾ, ഇആർഎഫ് ടീമുകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ദുരന്തത്തിനുശേഷം തിരച്ചിൽ ആരംഭിച്ച ദിവസംമുതൽ വ്യാഴാഴ്ചവരെ ഒന്നിലധികം മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചിരുന്നു. ചാലിയാറിന് അക്കരെയുള്ള നാല് ആദിവാസി നഗറിലെ യുവാക്കളും പുഴയോരത്തെ തിരച്ചിലിന് നേതൃത്വം നൽകി. Read on deshabhimani.com