വിന്റേഷ്‌ കാ സൂപ്പർ സിന്ദഗി

നായകൻ ധ്യാനിന് സീൻ പറഞ്ഞുകൊടുക്കുന്ന വിന്റേഷ്‌


  പൊന്നാനി "കൂട്ടിൽനിന്നും മേട്ടിൽവന്ന പൈങ്കിളിയല്ലേ, തൂവെളിച്ചം കോരിനിൽക്കും പൂക്കണിയല്ലേ' ലാലേട്ടന്റെയും കാർത്തികയുടെയും പ്രകടനം കണ്ടപ്പോൾ അഭിനയിക്കാനായിരുന്നു വിന്റേഷിന്‌ മോഹം. പ്രിയദർശൻ സിനിമകൾ കണ്ടുകണ്ട്‌ ആ മോഹം സംവിധാനത്തിലേക്ക്‌ തിരിഞ്ഞു. അന്ന്‌ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു. സിനിമ സ്വപ്‌നംപോലും കാണാൻ കഴിയാത്ത കാലം. പക്ഷെ വിന്റേഷ്‌ സിനിമതന്നെ സ്വപ്‌നം കണ്ടു. അതിനുപിന്നാലെ സഞ്ചരിച്ചു. പ്രതിസന്ധികളും കുറ്റപ്പെടുത്തലും നിറഞ്ഞ വഴിയിലൂടെയുള്ള ആ യാത്ര ഇന്ന്‌ ലക്ഷ്യത്തിലെത്തി. ആദ്യചിത്രം സൂപ്പർ സിന്ദഗി തിയറ്ററുകളിൽ ആഘോഷമാണിന്ന്‌. കഠിനാധ്വാനവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ഉയരങ്ങൾ സ്വന്തമാക്കാമെന്നതിന്‌ തെളിവാണ്‌ പൊന്നാനി കടവനാട്‌ സ്വദേശിയായ വിന്റേഷ്‌. ഒന്നര പതിറ്റാണ്ടായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്‌ ഈ 34കാരൻ. ഒരു സിനിമാ പശ്ചാത്തലവുമില്ലാത്ത കുടുംബമാണ്‌ വിന്റേഷിന്റേത്‌. വിന്റേഷിനെ സർക്കാർ ജോലിക്കാരനാക്കാനായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം. എന്നാൽ, സിനിമ വിന്റേഷിനെ വിട്ടില്ല. എൻജിനിയറിങ്ങിനുശേഷം കൊച്ചി നിയോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം. അഡ്വർടൈസിങ് ഡയറക്ടറായി സിനിമാ രംഗത്തെത്തി. സംവിധായകൻ സിബി മലയിലിന്റെ അസിസ്റ്റന്റായി.  തമിഴിലും തെലുങ്കിലും അസോസിയേറ്റ്‌ ഡയറക്ടറായി പ്രവർത്തിച്ചു.    സുഹൃത്ത്‌ പ്രജിത്ത് രാജാണ് സൂപ്പർ സിന്ദഗിയുടെ കഥ എഴുതിയത്. ഇവരുവരും ചേർന്ന് തിരക്കഥയൊരുക്കി. വെള്ളിമൂങ്ങയുടെയും സ്വർണത്തിന്റെയും പിന്നാലെ പോയി വളഞ്ഞവഴിയിലൂടെ പെട്ടെന്ന് പണം സമ്പാദിക്കാനിറങ്ങി അകപ്പെട്ട് പോവുന്ന യുവാവിന്റെ  കഥപറയുന്ന കോമഡി ട്രാവലർ എന്റർടെയ്നറാണ്‌ സൂപ്പർ സിന്ദഗി. മൈസൂർ, ബം​ഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ധ്യാൻ ശ്രീനിവാസനാണ്‌ നായകൻ. തമിഴ് നടി പാർവതി നായരാണ് നായിക. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടന്നേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കേരളത്തിനകത്തും പുറത്തുമായി 180ഓളം കേന്ദ്രങ്ങളിലാണ്‌ റിലീസ്. കടവനാട് ചെമ്പ്ര വത്സലന്റെയും പ്രീതയുടെയും മകനാണ് വിന്റേഷ്‌. ഭാര്യ: അശ്വതി. മകൻ: അൻവിക്. Read on deshabhimani.com

Related News