തിരൂർ ആർഎംഎസ്‌ കെട്ടിടം പൊളിച്ചുതുടങ്ങി

തിരൂര്‍ ആർഎംഎസ് ഓഫീസ് കെട്ടിടം പൊളിക്കൽ ആരംഭിച്ചപ്പോൾ


തിരൂർ തിരൂരിലെ റെയിൽവേ മെയിൽ സർവീസ്‌ (ആർഎംഎസ്) ഓഫീസ്‌ കെട്ടിടം പൊളിച്ചുതുടങ്ങി. അമൃത് ഭാരത് പദ്ധതിയോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ മറവിലാണ് കെട്ടിടം പൊളിക്കുന്നത്‌.  ഓഫീസ്‌ ഉടൻ ഒഴിഞ്ഞുകൊടുക്കണമെന്ന്‌ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,  ആർഎംഎസ്‌ ഓഫീസ്‌ മാറ്റരുതെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എമ്മും എൻഎഫ്‌പിഇയും സിഐടിയുവും പ്രക്ഷോഭം സംഘടിപ്പിച്ചു.  പ്രതിഷേധം ശക്തമായപ്പോൾ എംപി അബ്‌ദുസമദ്‌ സമദാനി എംപി ഉൾപ്പെടെയുള്ളവർ കേന്ദ്ര റെയിൽവേ- മന്ത്രി ആശ്വനി വൈഷ്ണവുമായി ചർച്ച നടത്തി.  തുടർന്ന് പുതിയ റെയിൽവേ കെട്ടിടത്തിൽ ആർഎംഎസിന്‌ ഓഫീസ്‌ നിർമിച്ചുതരുമെന്നും അതുവരെ നിലവിലുള്ള ഓഫീസ്  ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി.  ഈ ഉറപ്പെല്ലാം കാറ്റിൽപറത്തിയാണ്‌ റെയിൽവേ അധികൃതർ കെട്ടിടം പൊളിക്കുന്നത്‌.  കഴിഞ്ഞ ദിവസമാണ്‌ റെയിൽവേ പാലക്കാട്‌ ഡിവിഷൻ ഡിആർഎം ആർഎംഎസ് ഓഫീസിലെത്തി കെട്ടിടം പൊളിക്കാൻ നിർദേശിച്ചത്‌.  കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ  ആർഎംഎസ് ഓഫീസിന്റെ ജില്ലയിലെ പ്രവർത്തനം അവതാളത്തിലാകും. കത്തിടപാടുകൾ ദിവസങ്ങളോളം വൈകും.   പെരിന്തൽമണ്ണ, നിലമ്പൂർ ഡിവിഷൻ ഒഴികെ ജില്ലയില എല്ലാ ഭാഗത്തേക്കും തപാൽ ഉരുപ്പടികൾ വിതരണംചെയ്യുന്നത് തിരൂരിൽനിന്നാണ്. Read on deshabhimani.com

Related News