പുരസ് കാര തീരത്ത് 
പൊന്നാനി

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി


പൊന്നാനി കായകൽപ്പ പുരസ്‌കാരം സ്വന്തമാക്കി പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള പുരസ്‌കാരമാണ്‌ നേടിയത്‌. രണ്ടാം തവണയാണ് ആശുപത്രി അവാർഡ് സ്വന്തമാക്കുന്നത്. മന്ത്രി വീണാ ജോർജ്‌ പ്രഖ്യാപനം നടത്തി. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. സംസ്ഥാനത്തെ മികച്ച എക്കോ ഫ്രണ്ട്‌ലി ആശുപത്രി പുരസ്‌കാരത്തിനുള്ള 10 ലക്ഷവും സ്വന്തമാക്കി. 2020ലാണ്‌ ആദ്യത്തെ കായകൽപ്പ് അവാർഡ് പൊന്നാനി മാതൃ ശിശു ആശുപത്രി നേടിയത്‌. പ്രതിമാസം മുന്നൂറിലധികം പ്രസവവും ദിവസേന ആയിരത്തിലധികം രോഗികളും എത്തുന്നതാണ്‌ ആശുപത്രി. മുൻവശത്ത്‌ പൂന്തോട്ടമുൾപ്പെടെ കൂടുതൽ സൗന്ദര്യവൽക്കരിച്ച് ആകർഷണീയമാക്കി. ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ വാർഡുകളിൽ ചിത്രാലങ്കാരമൊരുക്കി.  വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായവും ആശുപത്രിയുടെ വളർച്ചക്ക്‌ സഹായമാകുന്നുണ്ട്‌. ആശുപത്രിയിൽ വാഴകൃഷിയും നടത്തുന്നുണ്ട്. നഗരസഭ പണിത തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിലെ ജൈവവളമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ചികിത്സകഴിഞ്ഞ് പോവുന്നവർക്ക്‌ ആശുപത്രി സേവനത്തിന്റെ നിലവാരം രേഖപ്പെടുത്താം. പരാതിയുണ്ടെങ്കിൽ കംപ്ലൈയിന്റ് ബോക്‌സിൽ ഇടാം. ആശുപത്രി വിടുന്ന അമ്മയുടെയും കുട്ടിയുടെയും വിവരങ്ങൾ അധികൃതർ ഫോണിലൂടെ അന്വേഷിക്കും. കുട്ടിയുടെയും അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സൂപ്രണ്ട് ശ്രീജ പറഞ്ഞു. Read on deshabhimani.com

Related News