മുണ്ടിനീര്‌; കുട്ടികളിൽ 
പ്രതിരോധശേഷി കുറഞ്ഞു



മലപ്പുറം സൗജന്യ വാക്സിൻ കേന്ദ്രസർക്കാർ നിർത്തിയശേഷം കുട്ടികളിലെ പ്രതിരോധശേഷി കുറഞ്ഞത് മുണ്ടിനീര് വ്യാപനം രൂക്ഷമാക്കുന്നു. ജില്ലയില്‍ മുൻവർഷത്തേക്കാൾ 19 ഇരട്ടി കേസുകളാണ് ഇക്കൊല്ലം റിപ്പോർട്ട്‌ ചെയ്‌തത്‌. ബുധനാഴ്ചവരെയുള്ള കണക്കനുസരിച്ച് ഈ വർഷം ജില്ലയിൽ 13,643 പേർ മുണ്ടിനീർ ബാധിതരാണ്. കഴി‍ഞ്ഞവര്‍ഷം 866 പേർക്ക് മാത്രമായിരുന്നു മുണ്ടിനീർബാധ.  ജനിച്ച് 16മുതല്‍ 24വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയ്ക്കെതിരെ "എംഎംആര്‍' പ്രതിരോധ കുത്തിവയ്‌പ് നല്‍കിയിരുന്നത്. എന്നാല്‍, 2018 മുതല്‍ മുണ്ടിനീരിന്റെ വാക്സിന്‍ ഇതില്‍നിന്ന് ഒഴിവാക്കി. ഇതിനുശേഷം ജനിച്ച കുട്ടികള്‍ക്ക് മുണ്ടിനീരിനെതിരെ പ്രതിരോധശേഷിയില്ലാതായി. ഇത്തരത്തില്‍ 4.5 ലക്ഷത്തോളം കുട്ടികളാണ് ജില്ലയില്‍ മുണ്ടിനീര് പ്രതിരോധ വാക്സിന്‍ എടുക്കാതെയുള്ളത്. 2018ല്‍ ജനിച്ച കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചത് ഈ വര്‍ഷമാണ്. പ്രതിരോധ വാക്സിനെടുക്കാത്ത കുട്ടികള്‍ കൂട്ടത്തോടെ ഒരിടത്തെത്തുന്നത് രോ​ഗവ്യാപനത്തിന് കാരണമാകുന്നു. ഒരു കുട്ടിയില്‍നിന്ന് രോ​ഗം മറ്റുള്ളവരിലേക്ക് എളുപ്പം പടരുന്നു. അഞ്ചുമുതൽ 15 വയസുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നത്. റിപ്പോര്‍ട്ടിങ് വര്‍ധിപ്പിച്ചു പ്രതിരോധ കുത്തിവയ്‌പിലുണ്ടായ കുറവിനൊപ്പം മുണ്ടിനീര് റിപ്പോര്‍ട്ടിങ് കാര്യക്ഷമമാക്കിയത് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ സി ഷുബിന്‍ പറഞ്ഞു. അഞ്ചാംപനി ബാധിതര്‍ക്ക് താല്‍ക്കാലികമായി പ്രതിരോധശേഷി നഷ്ടപ്പെടുന്നത് മുണ്ടിനീര് വ്യാപനത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇത്തരം കേസുകളുണ്ടായതോടെ മുണ്ടിനീര് റിപ്പോര്‍ട്ടിങ് കാര്യക്ഷമമാക്കിയെന്നും അദ്ദേഹം പറഞ്ഞു.  എന്താണ് മുണ്ടിനീര്? "മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ്' വൈറസാണ് രോ​ഗകാരി. വായുവിലൂടെ പകരുന്നു. അണുബാധയുണ്ടായാൽ ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയശേഷം നാലുമുതൽ ആറുദിവസംവരെയുമാണ് രോ​ഗം പകരുന്നത്.  ലക്ഷണങ്ങൾ ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കമുണ്ടാകും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്‌ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവുമുണ്ടാകും. ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നിവയെ ബാധിക്കും.  പ്രതിരോധം രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്. അസുഖം പൂർണമായും വിട്ടുമാറുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക. Read on deshabhimani.com

Related News