വിദേശത്തുമാത്രമല്ല,
നാട്ടിലുമുണ്ട്‌ തൊഴിൽ



മലപ്പുറം ‘വിദേശത്തെ ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്തിയപ്പോൾ പുതിയ തൊഴിൽ അവസരം ലഭിച്ചത്‌ കുടുംബശ്രീയിലൂടെയാണ്‌. പ്രതിസന്ധികൾ അതിജീവിച്ച്‌ ഇന്ന്‌ മികച്ച വരുമാനത്തോടെ ജീവിതം മുന്നേറുന്നു.  നമുക്കരികിൽ മികച്ച തൊഴിൽ സാധ്യതകളുണ്ട്‌. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കാനും അത്‌ കണ്ടെത്തി പ്രയോജനപ്പെടുത്താനും കഴിഞ്ഞാൽ  ലൈഫ്‌ സേഫാണ്‌’ –-  ഇസാഫ്‌  ബാങ്ക് ജീവനക്കാരൻ ഷിബു തമ്പി ജീവിതത്തിലെ വഴിമാറ്റിയ നിമിഷത്തെക്കുറിച്ച്‌ പറഞ്ഞുതുടങ്ങി. ഖത്തറിലെ ജോലി നഷ്ടമായപ്പോൾ തൊഴിൽ നേടാൻ ഷിബു തമ്പിയ്ക്ക്‌ സഹായമായത്‌ കുടുംബശ്രീ സൗജന്യ നൈപുണ്യ പരിശീലന തൊഴിൽദാന പദ്ധതിയാണ്‌.  ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി മുളമൂട്ടിൽ ഷിബു തമ്പി 29ാം വയസ്സിലാണ്‌ ഖത്തറിൽ ജോലിയിൽ പ്രവേശിക്കുന്നത്‌. ഒന്നരവർഷം ഡോർ മാനുഫാക്ചറിങ് കമ്പനിയിൽ ജോലി ചെയ്‌തു. എന്നാൽ  2017ലെ ഖത്തർ പ്രതിസന്ധിയിൽ ജോലി നഷ്ടമായി നാട്ടിലേക്ക്‌ തിരിച്ചു. നാട്ടിൽ പുതിയ ജോലിസാധ്യതകൾ അന്വേഷിക്കുന്നതിനിടെയാണ്‌  കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പദ്ധതിയെക്കുറിച്ച്‌ അറിയുന്നത്‌.  2019–-20ൽ കുടുംബശ്രീ ഉദ്യോഗസ്ഥർ തൊടുപുഴയിൽ നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുക്കുകയും തൃശൂർ ഇസാഫ് ഏജൻസിയുടെ ബിഎസ്എഫ്ഐ കോഴ്സ് പരിശീലനത്തിന് അർഹത നേടുകയും ചെയ്തു.  2020 മാർച്ചിൽ കോഴ്സ് പൂർത്തിയാക്കി ഒക്ടോബറിൽ ഇസാഫിന്റെ  ബാങ്ക് ഇന്റർവ്യൂ പാസാവുകയും ചെയ്‌തു. ആദ്യം മലപ്പുറം തിരുവാലി ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ മൂന്ന് സ്ഥാനക്കയറ്റങ്ങളും ലഭിച്ചു. നിലവിൽ ഇസാഫ് പൂക്കോട്ടുംപാടം ബ്രാഞ്ചിൽ ഓപറേറ്റിങ് മാനേജറാണ്‌. Read on deshabhimani.com

Related News