മഞ്ചേരിയിൽ 235 കിലോ ചന്ദനം പിടികൂടി

പിടികൂടിയ ചന്ദനമുട്ടികളുമായി വനം വിജിലന്‍സ് സംഘം


നിലമ്പൂർ മഞ്ചേരി പുല്ലാരയിൽ വൻ ചന്ദനവേട്ട. നിലമ്പൂർ വനം വിജിലൻസ് സംഘം  235 കിലോ ചന്ദനം പിടിച്ചെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. മഞ്ചേരി പുല്ലാര മേൽമുറിയിലെ വലിയകപറമ്പിൽ അലവിയുടെ വീട്ടിലും പരിസരത്തുമായി 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 235 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്.  വിൽപ്പനയ്ക്കായി ചെത്തിമിനുക്കിയ ചന്ദനമുട്ടികളും ചീളുകളും വേരുകളുമാണ് ഇവ. അലവിയുടെയും മകൻ ഷെബീറിന്റെയും പേരിൽ കേസെടുത്തു.  ഞായർ പകൽ 11.45ഓടെ തുടങ്ങിയ പരിശോധന വൈകിട്ട്‌ നാലരയോടെയാണ്‌ സമാപിച്ചത്.  തൊണ്ടിമുതൽ തുടർ അന്വേഷണത്തിനായി കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.   പരിശോധനയിൽ നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ വി വിജേഷ് കുമാർ, വനം റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി രാജേഷ്, ബീറ്റ് ഓഫീസർ എൻ പി പ്രദീപ് കുമാർ, സി അനിൽകുമാർ, പി പി രതീഷ് കുമാർ, എൻ സത്യരാജ്, എടക്കോട് ബിഎഫ്ഒ ടി ബൻസീറ, എടക്കോട് വനം സ്റ്റേഷൻ ഡ്രൈവർ എം ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News