ഏലംകുളം പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌

ഏലംകുളം പഞ്ചായത്തിലെ വിജയത്തെ തുടർന്ന് എൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനം


പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റായി സിപിഐ എമ്മിലെ പി സുധീർ ബാബുവിനെയും വൈസ് പ്രസിഡന്റായി അനിത പള്ളത്തിനെയും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ യുഡിഎഫിന്‌ അധികാരം ലഭിച്ച പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ്‌ പ്രസിഡന്റിനുമെതിരെ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു.  ബുധനാഴ്‌ച നടന്ന പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ  ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ്‌ ഇരുവരും ജയിച്ചത്‌.  കോൺഗ്രസ്‌ സ്വാതന്ത്രാംഗം  എൽഡിഎഫിനെ പിന്തുണച്ചു. ഇതോടെ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി പിന്തുണയോടെയുള്ള യുഡിഎഫ്‌ ഭരണത്തിന്‌ അന്ത്യമായി.  പാറക്കൽമുക്ക് നാലാം വാർഡ് അംഗവും സിപിഐ എം ഏലംകുളം ലോക്കൽ കമ്മിറ്റി അംഗവുമാണ്‌ പി സുധീർ ബാബു. മാട്ടായ പതിമൂന്നാം വാർഡ് അംഗവും നിലവിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ അനിത പള്ളത്ത് സിപിഐ എം ഏലംകുളം തെക്കുംപുറം ബ്രാഞ്ച് അംഗമാണ്.    പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ്‌  എൽഡിഎഫ്‌ സെപ്‌തംബർ 9ന്‌ അവിശ്വാസംകൊണ്ടുവന്നത്‌. പ്രസിഡന്റ്‌ കോൺഗ്രസിലെ  സി സുകുമാരനും വൈസ് പ്രസിഡന്റ്‌ മുസ്ലിംലീഗിലെ  കെ ഹൈറുന്നിസയുമാണ്‌ പുറത്തായത്‌. സ്വതന്ത്രാംഗം  രമ്യ മാണിതൊടി  അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.   സിപിഐ എം–- ഏഴ്, സിപിഐ–- ഒന്ന് എന്നതാണ്‌  എൽഡിഎഫിലെ കക്ഷിനില. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ കോൺഗ്രസ്‌–- അഞ്ച്‌, ലീഗ്‌ –-രണ്ട്‌  എന്നതാണ്‌ യുഡിഎഫ്‌ കക്ഷിനില.  Read on deshabhimani.com

Related News