കണ്ണീരുണങ്ങാതെ
ചാലിയാർ

ചങ്ങാടത്തിൽ ചാലിയാർ പുഴ കടന്ന് മുണ്ടേരി ഇരുട്ടുകുത്തി നഗറിലേക്ക് (ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ ഭാഗം) പോകുന്ന ആദിവാസി കുടുംബങ്ങൾ (ഫയൽ ചിത്രം)


  എടക്കര ചാലിയാർ തീരം കണ്ണീരണിഞ്ഞ് അമ്പതുനാൾ പിന്നിടുന്നു. ജൂലൈ 30മുതൽ തീരങ്ങളിൽ തേടിയത് ജീവന്റെ തുടിപ്പാണ്. പുഞ്ചിരിമട്ടത്തുനിന്നുള്ള ഉരുൾ മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾ വിഴുങ്ങി സൂചിപ്പാറയിൽനിന്ന് മുപ്പതടി താഴെ ചാലിയാറിലേക്ക് പതിച്ചപ്പോൾ ഒഴുകിയെത്തിയത്‌ ചലനമറ്റ ശരീരങ്ങളും ശരീരഭാഗങ്ങളുമായായിരുന്നു. ജൂലൈ 30ന് രാത്രി ഉറങ്ങാൻ കിടന്നവർക്ക് പാറക്കൂട്ടങ്ങളും മരങ്ങളും ഒഴുകുന്നത് സ്വപ്നമെന്നപോലെയായിരുന്നു. കൊടുംവരൾച്ചയിലും ഒഴുക്ക് നിലയ്ക്കാത്ത പുഴയാണ് ചാലിയാർ. പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടൻ പുഴ, മഞ്ഞക്കല്ലൻപുഴ, വാണിയമ്പുഴ, ഇഴവരുഞ്ഞി പുഴ തുടങ്ങി ഉപനദികളും 20ലധികം ചെറുതോടുകളും ചെറുതും വലുതുമായ 30ഓളം കാട്ടുചോലകളും വിവിധയിടങ്ങളിലായി കൂട്ടുചേർന്ന് ഒന്നായൊഴുകുന്നു.  നിലമ്പൂർ കാട്ടിലെ ആദിവാസി കുടുംബങ്ങളുടെ ജീവനോപാധിയും ചാലിയാറാണ്. കാർഷിക സമൃദ്ധിയുടെ ഈറ്റില്ലം മുണ്ടേരി ഫാമും ചാലിയാർ കരയിലാണ്. 1960മുതൽ കുടിയേറ്റ കർഷകർ ചാലിയാറിന്റെ കരകളിലാണ് കാടുവെട്ടിത്തെളിച്ച് ആദ്യ വിത്തെറിഞ്ഞ് തുടങ്ങിയത്. ചാലിയാറിൽ പൊന്നരിച്ച് ഉപജീവനം കണ്ടെത്തിയ ആദിവാസികൾ മത്സ്യം പിടിച്ച് ഭക്ഷിക്കാൻപോലും ഇപ്പോൾ തയ്യാറാവുന്നില്ല.  ഒട്ടേറെ ചരിത്രമുള്ള ചാലിയാർ കണ്ണീരുപ്പ് കലർന്നാണൊഴുകുന്നത്. 80 മൃതദേഹമാണ് ചാലിയാറിൽനിന്ന് ലഭിച്ചത്. 44 പുരുഷൻ, 32 സ്ത്രീകൾ, ആൺകുട്ടികൾ മൂന്ന്, പെൺകുട്ടികൾ നാല് എന്നിങ്ങനെ 177 ശരീര ഭാഗങ്ങൾ ലഭിച്ചു. മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എല്ലാം ചേർത്ത് ആകെ 260 എണ്ണമാണ് ചാലിയാറിൽനിന്നുമാത്രം ലഭിച്ചത്. Read on deshabhimani.com

Related News