ഇതു താന്‍ടാ പൊലീസ്‌

‘ഇൻസൈറ്റ് താനൂർ’ പരിശീലന പദ്ധതിയുടെ ഭാഗമായി കേന്ദ്രസേനയിൽ പ്രവേശിക്കുന്ന ഉദ്യോഗാർഥികൾ 
ഡിവൈഎസ്‌പി ഓഫീസിൽ


താനൂർ സ്വത്തിനും ജീവനുംമാത്രമല്ല, ജീവിതത്തിനും സംരക്ഷണമേകുകയാണ്‌ താനൂരിലെ ജനമൈത്രി പൊലീസ്‌. ‘ഇൻസൈറ്റ് താനൂർ’  പേരിൽ താനൂർ പൊലീസ്‌ സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടിയിലൂടെ നാല് യുവാക്കൾക്ക്‌ കേന്ദ്ര സേനയിൽ ജോലിയായി.  പരപ്പനങ്ങാടി കാഞ്ഞിരശേരി ആസാദ്, താനൂർ രായിൻപരീച്ചിന്റെ പുരയ്ക്കൽ മുഹമ്മദ് ഷഹർഷ എന്നിവർ എസ്എസ്‌സി (ജിഡി) കോൺസ്റ്റബിൾ തസ്തികയിലും താനൂർ മൂലക്കൽ സഫുവാൻ ഇബ്‌നു ആഷിഫ്, താനൂർ പരീച്ചിന്റെ പുരക്കൽ സാബിത്ത് എന്നിവർ നേവിയിലുമാണ് പുതിയ ജീവിതം ആരംഭിക്കുന്നത്‌.  താനൂർ ഡിവൈഎസ്‌പിയായിരുന്ന വി വി ബെന്നിയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷമാണ്‌ പദ്ധതി ആരംഭിച്ചത്‌.  എസ്എസ്എൽസി വിജയിച്ച 18  പൂർത്തിയായ നൂറോളം ഉദ്യോഗാർഥികൾ പദ്ധതിയിൽ രജിസ്റ്റർചെയ്ത് പരിശീലനം നേടി. പിഎസ്‌സി, യുപിഎസ്‌സി, ആർമി, നേവി, എയർഫോഴ്സ് തുടങ്ങിയവയിലേക്കായി കായിക, - എഴുത്തുപരീക്ഷ പരിശീലനമാണ്‌ നൽകിയത്. 2023 നവംബർ 10ന്  മന്ത്രി വി അബ്ദുറഹ്മാനാണ്‌ പദ്ധതി ഉദ്ഘാടനംചെയ്‌തത്. വി വി ബെന്നി തിരൂരിൽ ഡിവൈഎസ്‌പിയായിരിക്കെ തീരദേശ മേഖലയിലും സമാന പദ്ധതി നടപ്പാക്കുകയും നിരവധി പേർക്ക് സർക്കാർ ജോലി ലഭിക്കുകയും ചെയ്‌തിരുന്നു.  ‘ഇൻസൈറ്റ് താനൂർ’ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് താനൂർ ജനമൈത്രി പൊലീസ്. Read on deshabhimani.com

Related News