മാറഞ്ചേരിയിലേക്ക് വിട്ടോ ഇവിടെ സിമ്മിങ് സിമ്പിളാണ്
പൊന്നാനി മഴക്കാലമിങ്ങെത്തിയൽ പിന്നെ രക്ഷിതാക്കൾക്ക് ആശങ്കയാണ്. തോടും കുളവുമെല്ലാം നിറയും. പാടങ്ങളിൽപോലും നോക്കെത്താദൂരത്ത് വെള്ളക്കെട്ടുണ്ടാകും. പുഴയോരത്താണ് വീടെങ്കിൽ എപ്പോ വേണമെങ്കിലും വെള്ളം കയറാമെന്ന ആധിയാണ്. കുട്ടികളുണ്ടോ പറഞ്ഞിടത്ത് നിൽക്കുന്നു. കൂട്ടുകൂടി വെള്ളം കാണാനിറങ്ങും. അപകടസാധ്യത ഏറെയുള്ള കറക്കം! എന്നാൽ അവർക്ക് അസ്സലായി നീന്താനറിയാമെങ്കിലോ? ചെറുതല്ലാത്തൊരു ആശ്വാസമാണ്. അതിന് മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലോ കുളത്തിലോ ഇറങ്ങി നീന്തൽ പഠിപ്പിക്കേണ്ട. സുരക്ഷിതമായി പഠിക്കാൻ നീന്തൽക്കുളവും പഠിപ്പിക്കാൻ ആളും റെഡിയാണ്. പൊന്നാനിക്കടുത്ത് മാറഞ്ചേരിയിലെത്തിയാൽ മതി. മാറഞ്ചേരിയിലെ മേലയിൽ സുബിത, പുന്നുള്ളി സീത എന്നീ വനിതകൾ ചേർന്നാണ് നീന്തൽ പഠനം സംരംഭമാക്കാൻ തീരുമാനിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പൂർണ പിന്തുന്ന നൽകിയതോടെ അത് യാഥാർഥ്യമായി. മാറഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിനുസമീപത്താണ് നീന്തൽക്കുളം. 25 ലക്ഷം ചെലവിലാണ് സംരംഭം. വാർഷിക പദ്ധതിയിൽ പ്രകാരം ബ്ലോക്ക് പഞ്ചായത്ത് 3.75 ലക്ഷം സബ്സിഡിയായി നൽകി. ബാക്കി തുക കേരള ബാങ്ക് ലോണായി അനുവദിച്ചു. ട്രെയിനിങ്ങിന് 15 ദിവസത്തേക്ക് 2000 രൂപയാണ് ഫീസ്. ഒരുമണിക്കൂർ നീന്താൻ 100 രൂപയും. സ്കൂളുകളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ വിദ്യാർഥികൾക്ക് നീന്തൽ പഠിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ബീന, ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ, കെ സൗദാമിനി, കെ സി ശിഹാബ്, പി അജയൻ, പി നൂറുദീൻ, അബ്ദുൽ അസീസ്, ലീന മുഹമ്മദലി, ടി മാധവൻ, ഷിജിൽ മുക്കാല, രജുല കാഞ്ഞിരമുക്ക്, രജുല ഗഫൂർ, സിന്ധു എന്നിവർ സംസാരിച്ചു. Read on deshabhimani.com