ധർമപുരിയിൽ ബൈക്കിൽ കാറിടിച്ച് 2 മലപ്പുറം സ്വദേശികൾ മരിച്ചു
തിരൂർ കർണാടക–-തമിഴ്‌നാട് അതിർത്തിയിൽ ഹൊസൂരിനടുത്ത് ധർമപുരി ദേശീയപാതയിൽ നിർത്തിയിട്ട ബൈക്കിൽ കാറിടിച്ച് മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ രാമപുരം പനങ്ങാങ്ങര 38ലെ മേലേടത്ത് എം ബിൻഷാദ് (ബിനു–-25), ബംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി വീട്ടിൽ മുഹമ്മദ് നംഷി (23) എന്നിവരാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായി കൂട്ടുകാർക്കൊപ്പം വെള്ളി പുലർച്ചെ ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. ചായ കുടിക്കാൻ ബിൻഷാദും നംഷിയും സഞ്ചരിച്ച ബൈക്ക് റോഡരികിൽ നിർത്തിയപ്പോൾ നിയന്ത്രണംവിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങൾ ധർമപുരി ഗവ. ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിച്ചു. മുഹമ്മദ് നംഷിയുടെ മൃതദേഹം ശനി രാവിലെ 8.30ന് തിരൂർ കോട്ട് ജുമാമസ്‌ജിദ് ഖബര്‍സ്ഥാനിലും ബിൻഷാദിന്റെ മൃതദേഹം ശനി രാവിലെ പനങ്ങാങ്ങര റഹ്മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കും. ഇബ്രാഹിം-–-അരിപ്ര താവളേങ്ങൽ സുലൈഖ ദമ്പതികളുടെ മകനാണ് ബിൻഷാദ്. സഹോദരി: റിൻഷാ മോൾ (തിരൂർക്കാട് നസ്ര കോളേജ് വിദ്യാർഥിനി). മുഹമ്മദ് നംഷിയുടെ ബാപ്പ: കബീർ. ഉമ്മ:- ഹസനത്ത്. സഹോദരങ്ങൾ: മുഹമ്മദ് നസീമുദ്ദീൻ, മുഹമ്മദ് നഹീം, മുഹമ്മദ് നഫ്സൽ, മുഹമ്മദ് നബ്ഹാൻ. Read on deshabhimani.com