മനസ്സറിഞ്ഞ് ചികിത്സിച്ച സലീം ഡോക്ടര്‍
മലപ്പുറം രണ്ടാഴ്ച മുമ്പാണ് ക്ലിനിക്കിലേക്ക് ബുക്കിങ്ങില്ലാതെ നാലുപേരെത്തിയത്. നിലമ്പൂർ കാളികാവിൽനിന്നാണ്. സലീം ഡോക്ടറെ കാണണമെന്നു പറഞ്ഞു. ക്ലിനിക്കില്‍ മരുന്നെടുത്ത് നല്‍കുന്ന വിനോദ് ആ നിമിഷമൊന്ന് തരിച്ചുപോയി. "സലീം ഡോക്ടറെ കാണാനാകില്ല. ഉച്ച കഴിഞ്ഞാൽ സക്കീർ ഡോക്ടർ വരും.' വിനോദ് പറഞ്ഞൊപ്പിച്ചു. അവർ സമ്മതിച്ചില്ല. കൂട്ടത്തിലെ പ്രായംചെന്ന സ്ത്രീ വിനോദിനോട് വാശിയോടെ പറഞ്ഞു. "കുട്ട്യേ, കാണിച്ചു മരുന്നു വാങ്ങാനല്ല, ഡോക്ടറെ ഒന്നു കാണാനാണ്, ന്റെ കുട്ടീടെ വ്യാധി മാറ്റി തന്നപ്പോമുതൽ കരുതിയതാ ഒരീസം കാണണമെന്ന്...'' ആ ഉമ്മൂമ്മയുടെയും കുടുംബത്തിന്റെയും അടങ്ങാത്ത ആഗ്രഹം തിരിച്ചറിഞ്ഞ വിനോദ് ഏറെ അസ്വസ്ഥനായി. വിനോദിനുതന്നെ ഡോക്ടറുടെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. നാലു വർഷമായി ഡോക്ടർ പോയിട്ട്. കാളികാവിൽനിന്ന് കുറച്ചുള്ളിലെ ഒരു ഗ്രാമത്തിൽ സർക്കാർ ഹോമിയോ ആശുപത്രിയിൽ വർഷങ്ങൾക്ക് മുമ്പ് മെഡിക്കല്‍ ഓഫീസറായിരുന്നു ഡോക്ടര്‍. അന്ന് ചികിത്സിച്ച രോഗിയും ബന്ധുക്കളുമാണ് ഇവര്‍. സലീം ഡോക്ടർ മരിച്ച വിവരമൊന്നും അവർ അറിഞ്ഞിട്ടില്ലായിരുന്നു. ഉൾഗ്രാമങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തുടങ്ങിയ അദ്ദേഹത്തിന്റെ മെഡിക്കൽ പ്രാക്ടീസ് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് പദവിവരെയെത്തി. വിരമിച്ചതോടെ കാവുങ്ങലിലെ വീടിനോടു ചേർന്ന് ക്ലിനിക്കിലായിരുന്നു പരിശോധന. അതിനിടെയാണ് മരണം വന്നെത്തുന്നത്. 'അമ്മമ്മ സ്ഥിരമായി സലീം ഡോക്ടറെയായിരുന്നു കാണിച്ചിരുന്നത്. ഞങ്ങള്‍ കുട്ടികളായപ്പോഴും അത് തുടര്‍ന്നു. ഞങ്ങള്‍ക്ക് കുട്ടികളായപ്പോഴും അങ്ങനെതന്നെ. രോഗം മനസ്സിലാക്കാനുള്ള കഴിവും ഫലപ്രാപ്തിയുമാണ് കാരണം. ഡോക്ടറുടെ സംസാരത്തിൽതന്നെ ഏറെ ആശ്വാസമാകും. താമരകുഴി സ്വദേശി ഹരീഷ് ഓർക്കുന്നു. മനസ്സറിഞ്ഞ് ചികിത്സിക്കുന്നതില്‍ മിടുക്കനായിരുന്നു അദ്ദേഹം. മലപ്പുറത്ത് ജോലി ചെയ്തിരുന്ന കാലത്ത് ഇടയ്ക്കിടെ ക്ലിനിക്കില്‍ പോയിരുന്നു. കുറേകാലം ചികിത്സിച്ചിട്ടും മാറാത്ത അസുഖം കാണിക്കാനായിരുന്നു പോയത്. ചികിത്സയില്‍ ഫലംകണ്ടു. മലപ്പുറത്ത് ഇംഗ്ലീഷ് ദിനപത്രത്തിൽ കറസ്പോണ്ടന്റായായിരുന്ന ബി എഫ് ഫിറോസ് പറഞ്ഞു. തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന അലർജി, ആസ്തമ തുടങ്ങിയ ചില മാറാവ്യാധികൾ ഭേദമാക്കിയതിന്റെ നന്ദി പ്രകടിപ്പിച്ച് ഇടയ്ക്കിടെ ആളുകള്‍ വരികയും ഒരുപാട് നേരം സംസാരിക്കുകയും ചെയ്യുന്നത് മുമ്പ് പതിവായിരുന്നെന്ന് വിനോദ് സങ്കടത്തോടെ പറഞ്ഞു. തനിക്ക് പിതൃതുല്യനും കൂട്ടുകാരനുമായിരുന്നു ഡോക്ടറെന്ന് 25 വര്‍ഷമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിനോദ് പറഞ്ഞു. Read on deshabhimani.com