ക്ലാസല്ല, എല്ലാം ക്ലാസിക്‌

ജില്ലാ അധ്യാപക കലോത്സവത്തില്‍ സംഘ​ഗാന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ വേങ്ങര ഉപജില്ലയിലെ 
അധ്യാപികമാരുടെ ആഹ്ലാ​ദം


മലപ്പുറം പഠനകാലത്തെ ഓർമകളുമായാണ് ബുധനാഴ്ച മലപ്പുറം ​ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് അധ്യാപകരെത്തിയത്. ജില്ലാ അധ്യാപക കലോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും. പാഠഭാ​ഗങ്ങൾ തീർക്കുന്നതിന്റെ തിരക്കിനിടയിലും ഉള്ളിലെ കഴിവുകൾ പൊടിതട്ടിയെടുത്ത് ആശങ്കയില്ലാതെ അരങ്ങിലെത്തിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാ​ഗമായാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപക കലോത്സവം സംഘടിപ്പിച്ചത്. ‌ വ്യക്തി​ഗത, ​ഗ്രൂപ്പിനങ്ങളിലെല്ലാം ഓരോരുത്തരും തിളങ്ങി. കവിയരങ്ങ്, ലളിത​ഗാനം, സംഘ​ഗാനം എന്നിങ്ങനെയായിരുന്നു മത്സരം. വിവിധ ഉപജില്ലകളെ പ്രതിനിധീകരിച്ച് അധ്യാപകർ പങ്കെടുത്തു. രാവിലെ ആരംഭിച്ച മത്സരങ്ങൾ ഉച്ചയോടെ അവസാനിച്ചു. സംഘഗാനത്തിൽ വേങ്ങര ഉപജില്ലയിലെ അധ്യാപികമാർ ഒന്നാമതെത്തി. കവിയരങ്ങിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ ജിഎച്ച്എസ്എസ് അധ്യാപിക വി ടി രശ്മിയും ലളിതഗാനത്തിൽ മലപ്പുറം ഉപജില്ലയിലെ കാവതിക്കളം എൽപി സ്കൂൾ അധ്യാപകൻ പി ​ഗൗതംകൃഷ്ണയും ഒന്നാംസ്ഥാനം നേടി. രചനാമത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. വിജയികൾ സെപ്തംബർ നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.  Read on deshabhimani.com

Related News