ഗവ. എൻജിനിയറിങ്‌, ലോ കോളേജുകൾ അനുവദിക്കുക: എസ്‌എഫ്‌ഐ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ എസ്എഫ്ഐ പ്രവർത്തകരിൽനിന്ന് ശേഖരിച്ച മൂന്ന്‌ ലക്ഷം രൂപ ജില്ലാ ഭാരവാഹികൾ 
സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്ക്‌ കൈമാറുന്നു


മഞ്ചേരി ജില്ലയിൽ ഗവ. എൻജിനിയറിങ്‌ കോളേജും ലോ കോളേജും അനുവദിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലയാള സർവകലാശാല കെട്ടിട നിർമാണം ഉടൻ ആരംഭിക്കുക, നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയുടെ പരീക്ഷാ ക്രമക്കേടിൽ നടപടി സ്വീകരിക്കുക, ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിൽ (ടിസ്സ്‌) ഇടതുപക്ഷ വിദ്യാർഥി സംഘടനയായ പുരോഗമന വിദ്യാർഥി ഫോറത്തെ (പിഎസ്‌എഫ്‌) നിരോധിച്ച നടപടി പിൻവലിക്കുക,  ജില്ലയിലെ ഗവ. ഐടിഐകൾ, ഗവ. കോളേജുകൾക്ക് എന്നിവക്ക് സ്വന്തമായി കെട്ടിടം അനുവദിക്കുക, പ്രളയത്തിൽ ഒലിച്ചുപോയ മൂർക്കനാട് സ്കൂൾ കടവ്പാലം  പുനർ നിർമിക്കുക, ജില്ലയിലെ സ്കൂളുകൾ ജെൻഡർ ന്യൂട്രലായി മാറ്റുക, അലിഗഡ് സർവകലാശാലയോടുള്ള കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കുക, അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളേജിന്  ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. യഹിയ നഗറിൽ (പിവി ആർ ഗ്രാൻഡ്‌ ഓഡിറ്റോറിയം) സമ്മേളനത്തിന്റെ പൊതുചർച്ചകൾക്ക്‌ ജില്ലാ സെക്രട്ടറി കെ മുഹമ്മദലി ശിഹാബ്‌, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ മറുപടി പറഞ്ഞു. എം പി ശ്യാംജിത്ത്‌ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കലിക്കറ്റ്‌ സർവകലാശാലയിൽ  എംഎസ്‌എഫ്‌ അക്രമത്തിനിരയായ കെ ജോബിഷ്‌, ഹരിരാമൻ, ശിവഹരി എന്നിവരെ സമ്മേളനം അഭിവാദ്യംചെയ്‌തു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, പി വി അൻവർ എംഎൽഎ, കർഷക സംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്‌, പ്രസിഡന്റ്‌ കെ ഷെബീർ എന്നിവർ സമ്മേളനത്തെ അഭിവാദ്യംചെയ്‌തു. 67 അംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. പുതിയ ജില്ലാ സെക്രട്ടറി എൻ ആദിൽ ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ്‌ കെ ഹരിമോൻ,  വിടവാങ്ങൽ പ്രസംഗം നടത്തി. പി രാധാകൃഷ്‌ണൻ നന്ദി പറഞ്ഞു.    ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ എസ്എഫ്ഐ പ്രവർത്തകരിൽനിന്ന് ശേഖരിച്ച മൂന്ന്‌ ലക്ഷം രൂപ ജില്ലാ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികൾ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്ക്‌ കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി അവശ്യ സാധനങ്ങൾ വയനാട് ദുരിതാശ്വാസ ക്യാമ്പിലെ എസ്എഫ്ഐ നൽകിയിരുന്നു. തുടർ പ്രവർത്തനം എന്ന നിലയിലാണ്‌ പ്രവർത്തകരിൽനിന്ന് പണം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. Read on deshabhimani.com

Related News