സാഹിത്യവും സംഘാടനവും ഇഴചേർന്ന ജീവിതം

പെരിന്തൽമണ്ണയിൽ 2022ൽ നടന്ന സാഹിത്യ സമ്മേളനത്തിൽ പാലോളി മുഹമ്മദ്കുട്ടി, വേണു പാലൂർ, സി വാസുദേവൻ എന്നിവർക്കൊപ്പം വി പി വാസുദേവൻ


പെരിന്തൽമണ്ണ സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു വി പി വാസുദേവൻ. കവി, പ്രഭാഷകൻ, പുരോഗമന കലാസാഹിത്യ പ്രസ്ഥാനം നേതാവ്‌ എന്നിങ്ങനെ കൈവച്ച മേഖലകളേറെ. ഗ്രാമീണവും കാർഷികവുമായ ജീവിതത്തിന്റെ ആവിഷ്‌കാരങ്ങളായിരുന്നു വി പി വാസുദേവന്റെ കവിതകൾ. അത് കാലത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിച്ചു. നിരൂപണം, ബാലസാഹിത്യം, തർജമ തുടങ്ങിയവയിലും കഴിവുതെളിയിച്ചു. ശക്തിഗീതങ്ങൾ, ഒഡീസിയസിന്റെ പാട്ട്, സ്‌പാർട്ടക്കസ്, ക്യൂബൻ വിപ്ലവത്തിന്റെ ഇതിഹാസം (തർജമ), വായനയുടെ മാനങ്ങൾ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ.  വല്ലപ്പുഴ ഹൈസ്കൂളിലും പട്ടാമ്പി സംസ്‌കൃത കോളേജിലുമായിരുന്നു പഠനം. ചെറുകാട് ഉൾപ്പെടെയുള്ള പ്രഗത്ഭരായ അധ്യാപകർ വാസുദേവനിലെ കവിയേയും രാഷ്ട്രീയക്കാരനെയും തൊട്ടുണർത്തി. പരന്ന വായനയിലേക്കും സൂക്ഷ്‌മ വിശകലനങ്ങളിലേക്കും നയിച്ച കോളേജ് പഠനകാലവും ക്യാമ്പുകളും അദ്ദേഹത്തെ സാഹിത്യ പ്രസ്ഥാനത്തിന്റെ അഗ്രഗാമിയാക്കി. 1966ൽ  ഭാഷാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഭാഷാധ്യാപകരെയും പ്രൈമറി അധ്യാപകരെയും ഗ്രജ്വേറ്റ്‌ അധ്യാപകരെയും ചേർത്ത്‌ കെജിടിഎ രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. പിന്നീട്‌ സർക്കാർ സ്‌കൂൾ അധ്യാപകരെയും സ്വകാര്യ സ്‌കൂൾ അധ്യപകരെയും ചേർത്ത്‌ കെഎസ്‌ടിഎ രൂപീകരിക്കുന്നതിൽ നിർണയാക പങ്കുവഹിച്ചു. എഫ്എസ്ഇടിഒ രൂപീകരണത്തിലും മുന്നിലുണ്ടായിരുന്നു. 1973ലെ  54 ദിവസം നീണ്ടുനിന്ന അധ്യാപക–-എൻജിഒ സമരത്തിന് നേതൃത്വംനൽകിയ ജില്ലയിലെ പ്രധാനിയായിരുന്നു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ 80കളിൽ പ്രവർത്തിച്ച ‘സ്‌പാർക്ക്'' സാംസ്‌കാരിക കൂട്ടായ്മയുടെ സ്ഥാപകനാണ്‌. ഏലംകുളം കലാസമിതി, ബാലകൃഷ്‌ണ സ്‌മാരക വായനശാല എന്നിവയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. ദേശാഭിമാനി പത്രത്തിന്റെ വിപുല ശേഖരവും സ്വന്തമായുണ്ട്‌. തിരൂർക്കാട്‌ എഎം ഹൈസ്‌കൂൾ, അങ്ങാടിപ്പുറം തരകൻ ഹൈസ്‌കൂൾ എന്നിവക്കുപുറമെ പെരിന്തൽമണ്ണ, മക്കരപറമ്പ്‌, പട്ടിക്കാട്‌, മങ്കട, സർക്കാർ സ്‌കൂളുകളിലും പ്രവർത്തിച്ചു.  വിരമിക്കാൻ രണ്ടുവർഷം ശേഷിക്കെ കുന്നക്കാവ്‌ ജിഎച്ച്‌എസ്‌എസിൽനിന്ന്‌  രാജിവച്ച് മുഴുവൻ സമയ സാംസ്‌കാരിക പ്രവർത്തകനായി. സിപിഐ എം ഏലംകുളം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. Read on deshabhimani.com

Related News