കിണറ്റിൽവീണ കുട്ടിയാനയെ 
രക്ഷപ്പെടുത്തി

മൂത്തേടം താന്നിപ്പൊട്ടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ വീണ
കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നു


എടക്കര മൂത്തേടം താന്നിപ്പൊട്ടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽവീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. ഞായർ പുലർച്ചെ മൂന്നോടെയാണ്‌ സംഭവം. ജനവാസ മേഖലയിലെ കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടത്തിലെ കുട്ടിയാനയാണ്‌ കിണറ്റിൽ വീണത്. ബഹളം കേട്ട് നാട്ടുകാർ ഉണർന്ന് നോക്കവെയാണ് കിണറ്റിൽ വീണനിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു. പുലർച്ചെ നാലിന് വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം, പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ  എന്നിവർ ജെസിബിയുമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പലതവണ പ്രദേശത്ത് തമ്പടിച്ച കാട്ടാനകൾ ഓടിയടുത്തു. കാട്ടാനയെ ഓടിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീം തോക്കുമായാണ് സ്ഥലത്തെത്തിയത്. പുലർച്ചെ അഞ്ചരയോടെ പടക്കമെറിഞ്ഞ്‌ കാട്ടാനകളെ തുരത്തിയാണ്‌ ആനക്കുട്ടിയെ  പുറത്തെടുത്തത്‌. കിണറിന്റെ മുകൾഭാഗത്തെ റിങ്ങുകൾ പൊട്ടിച്ച്‌ ജെസിബി ഉപയോഗിച്ചാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. ആനകളെ കാട്ടിലേക്ക് തിരിച്ചുവിട്ടു. നിലമ്പൂർ നോർത്ത് ആർആർടി, പടുക്ക ഫോറസ്റ്റ് ജീവനക്കാർ  എന്നിവർ ചേർന്ന്‌ രണ്ടരമണിക്കൂറുകൊണ്ടാണ്‌ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്‌. Read on deshabhimani.com

Related News