കെപിഎല്‍ മാർച്ച്‌ 6ന്‌ 
മഞ്ചേരി പയ്യനാട് 
സ്‌റ്റേഡിയത്തില്‍



 മഞ്ചേരി കേരള പ്രീമിയർ ലീഗ് (കെപിഎൽ) മാർച്ച് ആറിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ  നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ രണ്ട് പൂളുകളായാണ് മത്സരം.  ശനി, ഞായർ ദിവസങ്ങളിൽ  ഗ്രൂപ്പ് മത്സരമാണ് മഞ്ചേരിയിൽ നടക്കുക. ഒരു പൂൾ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും രണ്ടാമത്തെ പൂൾ പയ്യനാടും നടക്കും.  നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് (റിസർവ്),  റണ്ണർ അപ് ഗോകുലം കേരള എഫ്സി (റിസർവ്), കേരള യുണൈറ്റഡ്, ലൂക്ക സോക്കർ ക്ലബ്, എംഎ കോളേജ്, കോവളം എഫ്‌സി, എഫ്‌സി കേരള, ഗോൾഡൻ ത്രെഡ് എഫ്‌സി, സാറ്റ് ക്ലബ്, ബാസ്‌കോ ക്ലബ്ബുകൾക്കുപുറമെ കേരള പൊലീസും കെഎസ്ഇബിയും ഉൾപ്പെടെ 12 ടീമുകൾ മത്സരിക്കും.  ഫ്ലഡ്‌ലിറ്റ് സ്ഥാപിച്ചശേഷം ഇതാദ്യമായാണ് പ്രൊഫഷണൽ മത്സരത്തിന് പയ്യനാട് സ്‌റ്റേഡിയം വേദിയാകുന്നത്.  സ്‌പോര്‍ട്സ് കൗൺസിലിന്‌ ആശങ്ക  കെപിഎൽ മത്സരങ്ങൾക്ക്‌ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം വേദിയാക്കിയതിൽ  സ്‌പോര്‍ട്സ് കൗൺസിലിന്‌ ആശങ്ക. 2014ൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷൻ കപ്പ് മത്സരങ്ങൾക്ക് വേദിയായ വകയിൽ 11.5 ലക്ഷം രൂപയും 2015ൽ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് 12.5 ലക്ഷം രൂപയും കെഎഫ്എ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് നൽകാനുണ്ട്. കളിക്കാനെത്തിയ താരങ്ങൾക്ക് ടിഎ, ഡിഎ എന്നിവ നൽകിയതാണ് തുകയിൽ ഏറെയും. ഈ തുക ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (എഐഎഫ്എഫ്)നിന്ന്‌ കെഎഫ്എക്ക് ലഭിക്കും. എന്നിട്ടും പണം നൽകുന്നില്ലെന്നാണ് സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രീമിയർ ലീഗ് കൂടി നടത്തിയാൽ കൗൺസിലിന് സാമ്പത്തിക ബാധ്യതയാകുമെന്നാണ് ആശങ്ക. 2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്റ്റേഡിയത്തിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് 52 ലക്ഷത്തോളം രൂപ കരാറുകാർക്ക് കുടിശ്ശികയായി നൽകാനുണ്ട്. Read on deshabhimani.com

Related News