ഇവർ പഠിക്കുന്നു, ക്ലാസ് മുറിക്കപ്പുറത്തെ പാഠങ്ങൾ
മലപ്പുറം> ക്ലാസ് മുറിക്കപ്പുറത്തെ പാഠങ്ങളും പഠിക്കുകയാണ് മലപ്പുറം ഗവ. കോളേജ് എൻഎസ്എസ് വിദ്യാർഥികൾ. ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച ഈ മിടുക്കർ നഗരത്തിൽ അവയുടെ വിൽപ്പന മേളയും നടത്തി. എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി കോളേജിൽ കൃഷിയിറക്കിയ ഒന്നാം വിളവെടുപ്പിലെ തക്കാളി, വെണ്ട, വെള്ളരി, പയർ, ചീര എന്നിവയാണ് വിലക്കുറവിൽ വിറ്റത്. ലഭിച്ച തുക ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി ചെലവഴിക്കും. ഇടവേളയിൽ 10 വിദ്യാർഥികളടങ്ങുന്ന 10 ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു കൃഷി. കോളേജിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും പച്ചക്കറി വിൽപ്പന നടത്തുന്നുണ്ട്. രണ്ടാംഘട്ട വിളവെടുപ്പ് അടുത്താഴ്ച നടക്കും. ജില്ലാ കൃഷി ഓഫീസിന്റെ പരിശീലനത്തിൽ ഇസാഫ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തിലായിരുന്നു കൃഷി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം റഫീഖ മേള ഉദ്ഘാടനംചെയ്തു. ജില്ലാ അഗ്രികൾച്ചറൽ പ്രിൻസിപ്പൽ ഓഫീസർ രുക്മിണി, ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, ഇസാഫ് പ്രോഗ്രാം കോ–- ഓർഡിനേറ്റർ അബ്ദുൾ മജീദ്, കോളേജ് എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി സജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com