ആരോഗ്യം, ആഹ്ലാദം
മഞ്ചേരി സംസ്ഥാന സർക്കാർ കരുതലിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ യാഥാർഥ്യമാകുന്നത് 150 കോടിയുടെ പദ്ധതികൾ. ആധുനിക സൗകര്യങ്ങളോടുകൂടിയ മോർച്ചറി കോംപ്ലക്‌സ്, ഗേൾസ് ഹോസ്റ്റൽ, ടീച്ചേഴ്സ് ആൻഡ് നോൺ ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സ്, ഓഡിറ്റോറിയം, വൈറോളജി ലാബ്, ഡയാലിസിസ് ബ്ലോക്ക്, ലേബർ റൂം വിപുലീകരണം, ശുചിമുറി നവീകരണം എന്നീ പദ്ധതികളാണ് യാഥാർഥ്യമാകുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടിയിൽ പദ്ധതികൾ നാടിന് സമർപ്പിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ സ്വാഗതസംഘ രൂപീകരണ യോഗംചേർന്നു. 24 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ക്രിട്ടക്കൽ കെയർ ബ്ലോക്കിന്റെ കല്ലിടല്‍ അടുത്തമാസം നടത്തും. വൈറോളജി ലാബ് മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ബയോ സേഫ്റ്റി ലെവൽ- 2 വൈറോളജി ലാബ് (വിആർഡിഎൽ) പ്രവർത്തനസജ്ജമായി. അക്കാദമിക് കെട്ടിടത്തിലെ ആർടിപിസിആർ ലാബിനോടുചേർന്നാണ് പുതിയ ലാബ്. ജില്ലയിൽ വൈറസ്ബാധ മൂലമുള്ള രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ 1.96 കോടി രൂപ ചെലവിലാണ് പുതിയ ലാബ് യാഥാർഥ്യമാക്കിയത്. ഹോസ്റ്റൽസ് കം ക്വാര്‍ട്ടേഴ്സ് 103 കോടി രൂപ ചെലവിട്ട് ആറ് കെട്ടിടമാണ് പണിയുന്നത്. ആൺകുട്ടികളുടെയും അനധ്യാപകർക്കുള്ള ഹോസ്റ്റലിന്റെയും അഞ്ചുനിലകൾ പൂർത്തിയാക്കി ഇതിനകം ഉദ്ഘാടനംചെയ്തു. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) നിർദേശപ്രകാരമുള്ള സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളാണ് ഒരുക്കിയത്. മോർച്ചറി കോംപ്ലക്സ് നിലവിലെ മോർച്ചറി കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളാണുള്ളത്. പുതിയ കെട്ടിടത്തിൽ ഒന്നിൽ കൂടുതൽ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാനും മൃതദേഹങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ടാകും. സ്റ്റോറേജ് മുറി, ഇൻക്വസ്റ്റ് മുറി, ഫോറൻസിക് ലാബ്, സ്റ്റുഡന്റ്‌സ് സെമിനാർ ഹാൾ എന്നിവ കോംപ്ലക്‌സിലുണ്ടാകും. കോളേജ് സ്റ്റുഡന്റ് കാന്റീൻ അക്കാദമി കെട്ടിടത്തോടുചേർന്ന ഭൂമിയിൽ 50 ലക്ഷം രൂപ ചെലവിട്ടാണ് കാന്റീൻ ഒന്നാംഘട്ടം പൂർത്തിയാക്കിയത്. സ്റ്റുഡന്റ് സ്റ്റോറിനും മുറിയുണ്ട്. രണ്ടാംഘട്ടം വിപുലീകരണം പുരോഗമിക്കുന്നു. ഓഡിറ്റോറിയം മൊത്തം മൂന്ന് നിലകളിൽ ബേസ്മെന്റിൽ പാർക്കിങ്, തറനിലയിൽ ഓഫീസ്, മുകൾനിലയിൽ ഓഡിറ്റോറിയം എന്ന രീതിയിലാണ് പ്ലാൻ. 600 പേർക്ക് ഇരിക്കാവുന്ന സജ്ജീകരണവും ഗസ്റ്റ് മുറികളും ഒരുക്കി. മൂന്നരക്കോടി രൂപ ചെലവിട്ടാണ് നിർമാണം. Read on deshabhimani.com