പെരുമാറ്റച്ചട്ടത്തിൽ
കുരുങ്ങി പദ്ധതികൾ



തേഞ്ഞിപ്പലം വയനാട്‌ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമായതോടെ വാർഷിക പദ്ധതികൾ താളംതെറ്റിയേക്കും.  ജില്ലയിൽ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങൾമാത്രമാണ്‌ വയനാട്‌ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായുള്ളത്‌. എന്നാൽ, തെരഞ്ഞെടുപ്പ്‌ വിജ്ഞാപനമനുസരിച്ച്‌ പെരുമാറ്റച്ചട്ടം ജില്ലക്കാകെ ബാധകമാകും. വാർഷിക പദ്ധതി പൂർത്തീകരിക്കാൻ മാസങ്ങൾമാത്രംശേഷിക്കെ നിയന്ത്രണം പ്രാദേശിക വികസനത്തെ സാരമായി ബാധിക്കും. ഇളവുകൾ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാർ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്‌. എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ തീരുമാനിക്കേണ്ടതെന്ന നിലപാടിലാണ്‌ ജില്ലാ ഭരണകേന്ദ്രം.  തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ പദ്ധതികളെല്ലാം സ്തംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ വർഷത്തെ പദ്ധതികൾ വൈകിയാണ്‌ ആരംഭിച്ചത്‌. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ജൂൺ ആറിനാണ് ഒഴിവായത്‌. തുടര്‍ന്ന് കാലവര്‍ഷവും പ്രവൃത്തിക്ക്‌ വെല്ലുവിളിയായി. പൊതുമരാമത്ത് പ്രവൃത്തികളും മുടങ്ങി.  ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡുകളും കുളമായിട്ടുണ്ട്. ആറുമാസം കഴിഞ്ഞാൽ വാർഷിക പദ്ധതി അവസാനിക്കും. ഇതിനുമുമ്പ്‌ പൂർത്തിയായിക്കില്ലെങ്കിൽ ഫണ്ട്‌ പാഴാകും. ഇത്‌ അടുത്ത വർഷത്തെ പ്രവർത്തനങ്ങളെയും ബാധിക്കും.  നിലമ്പൂർ, വണ്ടൂർ, ഏറനാട്‌ നിയമസഭാ മണ്ഡലങ്ങളാണ്‌ ജില്ലയിൽ വയനാട്‌ ലോക്‌സഭാ പരിധിയിലുള്ളത്‌. പെരുമാറ്റച്ചട്ടം ഇവിടെ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ്‌ ആവശ്യം. വയനാട് ലോക്‌സഭയിൽ ഉൾപ്പെടുന്ന കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽമാത്രമാണ്‌ പെരുമാറ്റച്ചട്ടമുള്ളതെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടുന്നു.  നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലും അതത് നിയമസഭാ മണ്ഡലങ്ങളിൽമാത്രമാണ് പെരുമാറ്റച്ചട്ടമുള്ളത്. Read on deshabhimani.com

Related News