കോൾപാടങ്ങൾ സമൃദ്ധമാകും
ഭാരതപ്പുഴ–-ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതിക്ക് 36 കോടിയുടെ ഭരണാനുമതി ഞാറക്കലിൽനിന്ന് ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കും ഒമ്പതര കിലോമീറ്ററാണ് പദ്ധതി പൊന്നാനി പൊന്നാനി കോൾ കർഷകരുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം യാഥാർഥ്യമാകുന്നു. ഭാരതപ്പുഴ–-ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതിക്ക് 36 കോടിയുടെ ഭരണാനുമതി ലഭ്യമായതായി പി നന്ദകുമാർ എംഎൽഎ അറിയിച്ചു. പൊന്നാനി താലൂക്കിലെ കൃഷിക്കും ടൂറിസത്തിനും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി. നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക. താലൂക്കിലെ കാർഷിക മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പി നന്ദകുമാർ എംഎൽഎ നിയമസഭയ്‌ക്കകത്തും പുറത്തും നടത്തിയ ഇടപെടലാണ് ഫലപ്രാപ്തിയിലെത്തുന്നത്. ചമ്രവട്ടം റഗുലേറ്ററിന് മേൽഭാഗത്തെ ഞാറക്കലിൽനിന്ന് ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കുന്നതാണ് പദ്ധതി. ബിയ്യം കായലിലെത്തുന്ന നൂറടി തോടിലൂടെ കുന്നംകുളം വെട്ടികടവുമുതൽ ബിയ്യം കായൽവരെയുള്ള പൊന്നാനി കോൾ മേഖലയുടെ അഭിവൃദ്ധിക്ക് പദ്ധതി വഴിവയ്‌ക്കും. ഭാരതപ്പുഴയിലെ ചമ്രവട്ടം നേഡറ്റിലെ പഴയ കടവിൽനിന്ന് 1.2 ഡൈ മീറ്റർ വീതിയിൽ പൈപ്പ് ലൈൻ വഴി ജലം ഒതളൂർ അങ്ങാടിയിലെത്തിക്കും. അവിടെനിന്ന് പന്തേപാലം ചെറുതോട് വഴി വെള്ളം ബിയ്യം കായലിൽ എത്തിക്കുകയാണ് ലക്ഷ്യം. ഒമ്പതര കിലോമീറ്ററാണ് ലിങ്ക് കനാൽ പദ്ധതി. 1.3 കിലോമീറ്റർ പൈപ്പ് സ്ഥാപിക്കും. തുടർന്ന് ചെറുതോടിന്റെ ഇരുഭാഗവും ഭിത്തികെട്ടി ആഴംകൂട്ടും. നിലവിലെ രണ്ട് വിസിബി പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നതുൾപ്പെടെ അഞ്ച് വിസിബി നിർമിക്കും. ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ പുനർനിർമിക്കും. കായലിലെ ചെളി നീക്കുകയും ചെയ്യും. പൊന്നാനി കോൾ സമുദ്രനിരപ്പിൽനിന്ന് താഴ്ന്നുകിടക്കുന്നതിനാൽ കൃഷി ആരംഭിക്കുന്നതിനുമുമ്പ് പാടശേഖരങ്ങൾ വെള്ളക്കെട്ടിലാകും. ഈ വെള്ളം പമ്പുചെയ്ത് നൂറടി തോട് വഴി ഒഴിവാക്കുകയും വെള്ളം ആവശ്യമായിവരുന്ന സമയത്ത് വെള്ളം പടത്തേക്ക് എത്തിക്കുകയുംചെയ്യുന്ന തരത്തിലാണ് പദ്ധതി. സിഡബ്ല്യുആർഡിയാണ് പദ്ധതിയുടെ സാധ്യതാപഠനം നടത്തിയത്. പി നന്ദകുമാർ എംഎൽഎ പൊന്നാനി, കുന്നംകുളം നഗരസഭയിലെയും പൊന്നാനി താലൂക്കിലെ ഏഴും തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെയും കർഷകർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. നിലവിൽ കൃഷിചെയ്യുന്ന 3500 ഹെക്ടറിനുപുറമെ 2400 ഹെക്ടറിൽകൂടി നെൽകൃഷി നടത്താൻ സാധിക്കും. 300 ഹെക്ടർ പച്ചക്കറി കൃഷിക്ക് ഗുണംചെയ്യുന്നതോടൊപ്പം 800 ഹെക്ടർ അധികം കൃഷിചെയ്യാനും കഴിയും. കർഷകർക്ക് അധിക വരുമാനവും ലഭിക്കും. മത്സ്യസമ്പത്തും വർധിക്കും. ടൂറിസം മേഖലയുടെ മുന്നേറ്റത്തിനും വഴിയൊരുക്കും. Read on deshabhimani.com