അതിർത്തി നിർണയം 
ജില്ലയിൽ പൂർത്തിയായി



മഞ്ചേരി പാലക്കാട്– -കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതക്ക് അധിക സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയായി. ചെമ്രശേരി, വെട്ടിക്കാട്ടിരി, കാരക്കുന്ന്, അരീക്കോട്, ചീക്കോട്, വാഴക്കാട്, വാഴയൂർ, കരുവാരക്കുണ്ട് തുടങ്ങി എട്ട് വില്ലേജുകളിലായി 11.12 ഹെക്ടർ ഭൂമിയാണ് അധികം ഏറ്റെടുക്കുന്നത്. മലപ്പുറം-–- കോഴിക്കോട് ജില്ലാ അതിർത്തിയായ വാഴയൂർ പഞ്ചായത്തിൽനിന്ന് തുടങ്ങിയ അതിർത്തി നിർണയം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കാൻ അളന്ന് നിശ്ചയിച്ച സ്ഥലത്തിന്റെ അതിർത്തി നിർണയിച്ച് കുറ്റിയടിക്കുന്ന പ്രവൃത്തിയാണ് ഡെപ്യൂട്ടി കലക്ടർ ഡോ. ജെ ഒ അരുണിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ടോൾ ബൂത്തുകൾ നിർമിക്കാനും ചരക്കുവാഹനങ്ങൾ നിർത്തിയിടാനും ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കാനുമാണ് അധിക ഭൂമി. 45 മീറ്റർ വീതിയിൽ 52.96 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. ഒന്നാംഘട്ടത്തിൽ 15 വില്ലേജുകളിൽനിന്ന് 239 ഹെക്ടർ ഭൂമി ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരം വിതരണം 97 ശതമാനവും പൂർത്തിയാക്കിയാണ് രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിലേക്ക്‌ കടന്നത്. അധികഭൂമി ഏറ്റെടുക്കുന്നിടത്ത്‌ പാതയ്ക്ക് 60 മീറ്റർ വീതിയുണ്ടാകും. അധികഭൂമി ഏറ്റെടുക്കുന്നതിലൂടെ കുറച്ചുപേർക്കുകൂടി വീട്‌ നഷ്ടപ്പെടും. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ, വിളകൾ, മരങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളുടെ കണക്കെടുപ്പും ആരംഭിച്ചു. കണക്കെടുപ്പ് പൂർത്തിയാക്കി നഷ്ടപരിഹാരം നിശ്ചയിക്കും. അടിസ്ഥാന വിലയ്ക്കുപുറമെ വർധന ഘടകവും അതിന്റെ 100 ശതമാനം സമാശ്വാസ പ്രതിഫലവും ഉൾപ്പെടുത്തിയാവും നഷ്ടപരിഹാരം. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പരാതികളിൽ ദേശീയപാത അതോറിറ്റിയിൽനിന്ന് മറുപടി ലഭ്യമാക്കി തീർപ്പ് കൽപ്പിക്കും. ശേഷം അന്തിമ വിജ്ഞാപനം ഇറക്കും. പാലക്കാട് മരുത റോഡുമുതൽ കോഴിക്കോട് ഇരിങ്ങല്ലൂർവരെ 121 കിലോമീറ്ററിലാണ്‌ ഗ്രീൻഫീൽഡ്‌ പാത. മരുതറോഡ്–കരിമ്പ (30.720 കി.മീ), കരിമ്പ–എടത്തനാട്ടുകര (30.720 കി.മീ), എടത്തനാട്ടുകര–കാരക്കുന്ന് (26.490 കി.മീ), കാരക്കുന്ന്-–- വാഴയൂർ (25.070 കി.മീ), വാഴയൂർ–ഇരിങ്ങല്ലൂർ (8.006 കി.മീ) എന്നീ അഞ്ച് റീച്ചുകളിലാണ് നിർമാണം. നിർമാണ കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. Read on deshabhimani.com

Related News