മില്‍മയുടെ പാൽപ്പൊടി 
നിർമാണ ഫാക്ടറി 
നാടിന്‌ സമർപ്പിച്ചു

മലബാർ മിൽമയുടെ മൂർക്കനാട്ടെ പാൽപ്പൊടി നിർമാണ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു


മലപ്പുറം ക്ഷീര സഹകരണ മേഖലയിലെ  നാഴികക്കല്ലായി  മിൽമയുടെ പാൽപ്പൊടി നിർമാണ ഫാക്ടറി. സംസ്ഥാന സർക്കാരിന്റെയും മിൽമയുടെയും അഭിമാന പദ്ധതി  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു.  കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയതുമാണ് ഫാക്ടറി. പത്ത് ടണ്ണാണ്‌ ഉൽപ്പാദനക്ഷമത. പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാം. 131.3 കോടി രൂപ ചെലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചത്.  കേരളത്തിലെ ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനും അവ പാൽപ്പൊടിയായും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളായും മാറ്റാനുമുള്ള സംവിധാനം പാൽപ്പൊടി ഫാക്ടറിയിലുണ്ട്. ഫാക്ടറി പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിലെ ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താനാകും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സർക്കാരിന് ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും നൂറിൽപ്പരം തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.  മിൽമ ഡെയറി വൈറ്റ്‌നറിന്റെ വിപണനോദ്‌ഘാടനവും ക്ഷീര കർഷകരുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണവും ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. മുൻ  ക്ഷീര വികസന  മന്ത്രി കെ രാജു, മിൽമ മുൻ ചെയർമാൻ പി ടി  ഗോപാലക്കുറുപ്പ്‌ എന്നിവരെ  ആദരിച്ചു.  മലബാറിലെ മികച്ച യുവ ക്ഷീര കർഷകനുള്ള അവാർഡ് മഞ്ഞളാംകുഴി അലി എംഎൽഎയും ക്ഷീര കർഷകർക്കുള്ള അവാർഡ്  ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയും നൽകി. ക്ഷീര കർഷകരുടെ മക്കൾക്കുള്ള  പഠന സ്‌കോളർഷിപ്പ്  കലക്ടർ വി ആർ വിനോദും  സംഘം ജീവനക്കാർക്കുള്ള  വാർഷിക ഗ്രാന്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ  മൂത്തേടവും മലബാറിലെ ആറ് ഡെയറികൾക്കുള്ള ഐഎസ്ഒ  സർട്ടിഫിക്കറ്റ് ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണനും  വിതരണംചെയ്‌തു. മില്‍മ എംഡി ആസിഫ് കെ യൂസഫ്‌,  മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്‌,  നബാര്‍ഡ്  ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്‌,  ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്,  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ സിന്ധു എന്നിവർ സംസാരിച്ചു. മിൽമ ചെയർമാൻ കെ എസ്‌ മണി സ്വാഗതവും മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ സി ജെയിംസ്‌ നന്ദിയും പറഞ്ഞു.   കേരളം പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കും: മുഖ്യമന്ത്രി മലപ്പുറം പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ്‌ സർക്കാരും ക്ഷീരവികസന വകുപ്പും ചേർന്ന്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലബാർ മിൽമ മൂർക്കനാട്ട് നിർമിച്ച പാൽപ്പൊടി നിർമാണ പ്ലാന്റും മലപ്പുറം ഡെയറിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആവശ്യമുള്ള പാലിന്റെ 80 ശതമാനവും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ഒന്നുകൂടി ശ്രദ്ധിച്ചാൽ കേരളം സ്വയംപര്യാപ്‌ത കൈവരിക്കും. ഈ ലക്ഷ്യം സാധ്യമാക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കിവരുന്നു. ക്ഷീരമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കണം. മാറുന്ന ജീവിതശൈലിക്ക് അനുസൃതമായ ഉൽപ്പന്നങ്ങൾ നിർമിക്കണം. ന്യൂട്രീഷ്യൻ ഫുഡ് പ്രൊഡക്ടുകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ഇത്തരം മേഖലകളിലേക്കുകൂടി മിൽമയുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധതിരിയണം. ശക്തമായ മാർക്കറ്റിങ് ശൃംഖലയും ഈ മേഖലയിൽ കെട്ടിപ്പടുക്കണം. ഇതൊക്കെ നടപ്പായാൽ ക്ഷീരമേഖലയിൽ മാത്രമല്ല, നമ്മുടെ സാമ്പത്തിക സ്ഥിതിയിൽത്തന്നെ വലിയ മുന്നേറ്റമുണ്ടാക്കാനാകും. കാലാവസ്ഥാവ്യതിയാനം പാൽ സംഭരണത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന്‌ പരിഹാരമായി സംസ്ഥാനത്തെ ചില്ലിങ് പ്ലാന്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News