പ്ലാസ്റ്റിക്കെന്തിനാ, പാളയുണ്ടല്ലോ

മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പാള ഗ്രോ ബാഗിൽ കൃഷിചെയ്ത വെണ്ട


മേലാറ്റൂർ ഗ്രോ ബാഗ്‌ കൃഷിയെന്നാൽ പ്ലാസ്റ്റിക്‌ കവറാണ്‌ ഓർമയിലെത്തുക. പ്ലാസ്റ്റിക്‌ കവറിൽ മണ്ണ്‌ നിറച്ച്‌ വിത്തിടും. സ്ഥലമില്ലെങ്കിൽ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വല്ലതും വിളയിക്കുമെന്നാകും ചിന്ത. എന്നാൽ പാളകൊണ്ടും ഗ്രോ ബാഗ്‌ ഒരുക്കി കൃഷിചെയ്യാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ. പരിസ്ഥിതി സൗഹാർദമായ ഗ്രോ ബാഗുകളിൽ വെണ്ട കൃഷിചെയ്‌താണ്‌ കേഡറ്റുകൾ പുതുവഴി പരിചയപ്പെടുത്തിയത്‌. ആദ്യം പരീക്ഷണഘട്ടമെന്ന നിലയിൽ 15 പാള ഗ്രോബാഗാണ് വെണ്ട കൃഷിക്ക് ഉപയോഗിച്ചത്. വിളവെടുപ്പിൽ ലഭിച്ച വെണ്ട വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറുകയുംചെയ്‌തു.  ക്രിസ്മസ് അവധിക്കാല ക്യാമ്പിലാണ് ഇവർ പാള ഗ്രോബാഗ് നിർമാണത്തിൽ പരിശീലനം നേടിയത്‌. മാലിന്യംകൊണ്ടുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് വിദ്യാർഥികളിലും സമൂഹത്തിലും  അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. അടുത്തഘട്ടത്തിൽ കൂടുതൽ ഗ്രോ ബാഗുകളിൽ വെണ്ട, ചീര, പയർ, മുളക് എന്നിവ കൃഷിചെയ്യാൻ തയ്യാറെടുക്കുകയാണിവർ.   പ്രധാനാധ്യാപകൻ കെ സുഗുണപ്രകാശിന്റെ മേൽനോട്ടത്തിൽ കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പി ശശികുമാർ, എം ആർ പ്രവിത, ഡ്രിൽ ഇൻസ്ട്രക്ടർമാരായ നിതിൻ ആന്റണി, ഇ സ്മിത എന്നിവരുടെ നേതൃത്വതിലാണ് പദ്ധതി നടപ്പാക്കുന്നത്. Read on deshabhimani.com

Related News