ഒടുവിൽ 
ഒറ്റയാനെ കണ്ടെത്തി

പോത്തുകല്ല് ചീത്ത്കല്ല് പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ കണ്ടെത്താൻ വ്യാഴാഴ്ച വൈകിട്ട് വെള്ളിമുറ്റം കൊടീരി വനത്തിൽ തിരച്ചിൽ നടത്തുന്ന വനപാലകർ


എടക്കര വെള്ളിമുറ്റത്ത് ഭീതിപടർത്തിയ അക്രമകാരിയായ കാട്ടാനയെ ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വനം വകുപ്പും ആർആർടിയും ചേർന്ന്‌ നടത്തിയ തിരച്ചിലിനൊടുവിൽ വ്യാഴം വൈകിട്ട് ചീത്ത്‌കല്ല് മേഖലയിൽനിന്നാണ്‌ ആനയെ കണ്ടെത്തിയത്. വനപാലകർ നിരീക്ഷിച്ചുവരികയാണ്.  ആനയെ കണ്ടെത്താൻ പോത്തുകല്ല് വെള്ളിമുറ്റത്ത് ഡ്രോൺ എത്തിച്ച് പരിശോധന നടത്തിയിരുന്നു. വ്യാഴം രാവിലെമുതൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥയിൽ ഡ്രോൺ ഉപയോഗിക്കാൻ സാധിച്ചില്ല. തുടർന്നാണ് വനപാലകർ തിരച്ചിൽ നടത്തിയത്‌. ഒരാഴ്ചയായി വനം വകുപ്പും നാട്ടുകാരും കാവൽനിന്ന് കാട്ടാനയെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് കാട്ടാനയെ കാണാതായത്.  പോത്തുകല്ല് വെള്ളിമുറ്റം കൊടീരി ഭാഗത്താണ് അക്രമകാരിയായ കാട്ടാന തമ്പടിച്ചത്. രാത്രിയിൽ നാട്ടുകാർ റോഡിലിറങ്ങാൻ കഴിയാത്തവിധം ഭീതിയിലാണ്. പി വി അൻവർ എംഎൽഎ സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് ബുധനാഴ്ച ഡ്രോൺ എത്തിച്ച് തിരയാൻ തീരുമാനിച്ചത്. പോത്തുകല്ല് പഞ്ചായത്തിലെ ചാത്തമുണ്ട, കൊടീരി, ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്കോട് മാത, എരുമമുണ്ട പ്രദേശത്താണ്  പകലും ഒറ്റയാന്റെ ഭീഷണി തുടരുന്നത്. ഉൾക്കാട്ടിലേക്ക് കയറാൻ കൂട്ടാക്കാതെ കൊമ്പൻ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. കാഞ്ഞിരമ്പുഴ, കുനിപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും നിലമ്പൂർ നോർത്ത് ഡിവിഷനിലെ റാപ്പിഡ് റെസ്പോൺസ് ടീമും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് കാട്ടാനയെ കണ്ടെത്തിയത്. നിലമ്പൂർ റെയ്ഞ്ച് ഓഫീസർമാരായ അഖിൽ നാരായണൻ, പി ടി മുബഷിർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. Read on deshabhimani.com

Related News