ലോട്ടറി തട്ടിപ്പുകാരനെ 
"കൈയോടെ പൊക്കി'

കൃത്രിമംകാണിച്ച ലോട്ടറി ടിക്കറ്റുമായി 
എ പി രാമകൃഷ്ണന്‍


    മലപ്പുറം മൂന്നുവർഷം മുമ്പ്‌, മലപ്പുറം കുന്നുമ്മലിൽ ലോട്ടറി വിൽപ്പനക്കാരനായ എ പി രാമകൃഷ്ണനെ ഒരാൾ പറ്റിച്ചു. സമ്മാനമടിച്ചെന്നുകാട്ടി വ്യാജ ടിക്കറ്റ് നൽകി 5000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറെ പ്രയാസത്തിലായ രാമകൃഷ്ണന് കോളേജ് അധ്യാപകനായ മകൻ മുകേഷ് കൃഷ്ണ ഒരു സ്മാർട്ട്‌ ഫോൺ വാങ്ങിക്കൊടുത്തു. ലോട്ടറി ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻചെയ്ത് ടിക്കറ്റിന്റെ സുതാര്യത പരിശോധിക്കാം.   2023 ഡിസംബറിൽ മുകേഷ് കൃഷ്ണ അന്തരിച്ചു. എന്നാല്‍, മകൻ പറഞ്ഞുകൊടുത്ത ബുദ്ധിയിലൂടെ രാമകൃഷ്ണൻ കഴിഞ്ഞദിവസം ഒരു തട്ടിപ്പുകാരനെ "കൈയോടെ പൊക്കി'. ലോട്ടറി നമ്പറിൽ കൃത്രിമംകാണിച്ച്‌ പണം വാങ്ങാനെത്തിയയാളെയാണ് "പിടികൂടിയത്'. വെള്ളിയാഴ്ചയാണ് സംഭവം. അഞ്ച് ടിക്കറ്റുമായെത്തിയ തട്ടിപ്പുകാരന്‍ സമ്മാനമുണ്ടോയെന്ന് നോക്കാന്‍ പറഞ്ഞു. 1000 രൂപയടിച്ച 5342 നമ്പർ ലോട്ടറിയും കൂട്ടത്തിലുണ്ടായിരുന്നു. സമ്മാനത്തുകയിൽനിന്ന് 40 രൂപയുടെ അഞ്ച് ടിക്കറ്റുകൾ വാങ്ങി, ബാക്കി 800 രൂപ നൽകാൻ ആവശ്യപ്പെട്ടു. ടിക്കറ്റുകൾ നൽകിയശേഷമാണ് രാമകൃഷ്ണന് സംശയംതോന്നിയത്. വന്നയാളെ മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ട് പണ്ട് മകൻ പറഞ്ഞപോലെ ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻചെയ്ത് സമ്മാനമുണ്ടെന്ന് ഉറപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി മൊബൈൽ ഫോൺ എടുത്തതോടെ തട്ടിപ്പുകാരൻ സമ്മാനമടിച്ച ടിക്കറ്റ് കീറിക്കളഞ്ഞു. കാര്യമന്വേഷിച്ചപ്പോൾ തന്റെ ലോട്ടറി ഇഷ്ടമുള്ളത് ചെയ്യുമെന്നായിരുന്നു മറുപടി. ശേഷം പുതുതായി വാങ്ങിയ അഞ്ച് ലോട്ടറിക്ക് 200 രൂപ നൽകി കടന്നുകളഞ്ഞു. കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റ്‌ ഒട്ടിച്ചുനോക്കിയപ്പോഴാണ് 5312 നമ്പർ ലോട്ടറിയിൽ കൃത്രിമം കാണിച്ചതാണെന്ന് മനസ്സിലായത്.  വയോധികനായതിനാലാണ് തന്നെ പറ്റിക്കാൻ ശ്രമിച്ചതെന്നും മറ്റാരും തട്ടിപ്പിനിരയാകരുതെന്നും രാമകൃഷ്ണൻ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ ഇയാൾ വർഷങ്ങളായി മലപ്പുറം പടപ്പറമ്പ് പരവക്കലാണ് താമസം. ഭവാനിയാണ് ഭാര്യ. അരുൺ കുമാർ, ഇന്ദ്രാണി, രോ​ഹിണി എന്നിവർ മറ്റ് മക്കളാണ്.  Read on deshabhimani.com

Related News