നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം 
പ്രവാസികൾ: കെ വി അബ്ദുൾ ഖാദർ

താനൂരിൽ പ്രവാസി സംഗമം കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനംചെയ്യുന്നു


താനൂർ സാമൂഹിക നവോത്ഥാന പോരാട്ടങ്ങളും  പുരോഗമന രാഷ്ട്രീയ ചേരിയും കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളോടൊപ്പം മലയാളി പ്രവാസികൾ അയച്ച പണവുമാണ് നമ്മുടെ നാടിന്റെ പുരോഗതിയുടെ അടിസ്ഥാനമെന്ന്‌ കേരള പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എവിടെ മനുഷ്യരുണ്ടോ അവിടെ മലയാളികളുണ്ട്. ഇത് കേവലം ഒരുപ്രയോഗംമാത്രമല്ല. ലോകത്തിലെ 125 രാജ്യങ്ങളിലും മലയാളികളുണ്ട്. മലയാളികളുടെ പ്രവാസം കേവലം കുടുംബങ്ങളുടെ അതിജീവനംമാത്രമല്ല, അവർ നാട്ടിലേക്ക് അയക്കുന്ന പണമാണ് ഈ നാട്ടിലെ എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. അറബ് രാജ്യങ്ങളിൽമാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും മലയാളികളുടെ സാന്നിധ്യം ഏറിയിട്ടുണ്ട്. 1960കളിലാണ് ഗൾഫ് പ്രവാസം ശക്തമാകുന്നത്. അതിനുമുമ്പ് സിലോണിലും മലേഷ്യയും സിംഗപ്പൂരും ബർമയുമൊക്കെ മലയാളികളുടെ സ്വപ്നഭൂമിയായിരുന്നുവെന്നും കെ വി അബ്ദുൾ ഖാദർ പറഞ്ഞു.  താനൂർ ജങ്ഷനിലെ ഇ കെ ഇമ്പിച്ചിബാവ–- - ഈ ഗോവിന്ദൻ നഗറിൽ നടന്ന പരിപാടിയിൽ പ്രവാസിസംഘം ജില്ലാ സെക്രട്ടറി വി കെ അബ്ദുൾ റഹൂഫ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്  അഡ്വ. ഗഫൂർ പി ലില്ലീസ് മുഖ്യപ്രഭാഷണം നടത്തി. പി എം ജാബിർ, നന്ദിനി മോഹൻ,  വി കെ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. അഷ്കർ കോറാട് സ്വാഗതവും നൗഷാദ് താനൂർ നന്ദിയും പറഞ്ഞു.    ബാലസംഘം പോത്തന്നൂർ യൂണിറ്റ് നിർമിച്ച് ജാഫർ കുറ്റിപ്പുറം സംവിധാനംചെയ്ത "പഞ്ചാരമിഠായി', ഉണ്ണികൃഷ്ണൻ യവനിക സംവിധാനംചെയ്ത "ഇതിലേ ഏകനായി' എന്നീ സിനിമകളുടെ പ്രദർശനവും നടന്നു.  Read on deshabhimani.com

Related News