ഖാദിത്തൊഴിലാളികളുടെ 
സത്യഗ്രഹം അവസാനിപ്പിച്ചു



മലപ്പുറം ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് മലപ്പുറം കോട്ടപ്പടിയിലെ ഖാദി ബോർഡ് ജില്ലാ പ്രൊജക്ട് ഓഫീസിനുമുന്നിൽ തൊഴിലാളികൾ നടത്തിയിരുന്ന അനിശ്ചിതകാല സത്യഗ്രഹസമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി ലേബർ കമീഷണർ, ഖാദി ബോർഡ് വൈസ് ചെയർമാൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരി​ഗണിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ്‌ സമരം നിർത്തിയത്.  ഏഴാംദിവസത്തെ സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി പത്മജ അധ്യക്ഷയായി. ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് ഐ വി രമേഷ് സംസാരിച്ചു. പി സന്ധ്യ സ്വാ​ഗതവും പി സജിത നന്ദിയും പറഞ്ഞു. സമര സഹായനിധിയിലേക്കുള്ള ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷന്റെ സംഭാവന സമരപ്പന്തലിൽ ജില്ലാ ട്രഷറർ ജസീറ തെക്കേടത്ത് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിക്ക് കൈമാറി.    Read on deshabhimani.com

Related News