ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്നുമുതല്‍
മേലാറ്റൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം തിങ്കളാഴ്ച മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും. 17 ഉപജില്ലകളിലെ പതിനായിരത്തോളം വിദ്യാര്‍ഥികളും മൂവായിരത്തോളം അധ്യാപകരും മേളയുടെ ഭാഗമാകും. മേലാറ്റൂർ എഎൽപി സ്കൂളിലടക്കം ഒരുക്കിയ 103 സ്റ്റാളുകളിലാണ് മത്സരം. ശാസ്ത്രനാടകത്തോടെ മത്സരങ്ങള്‍ ആരംഭിക്കും. പകൽ 2.30ന് കലക്ടർ വി ആർ വിനോദ് ഉദ്ഘാടനംചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേശ് കുമാർ അധ്യക്ഷനാവും. പൂർവവിദ്യാർഥിയും ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ വി ഷാഹുൽ ഹമീദ് പങ്കെടുക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സാമൂഹ്യശാസ്ത്രമേള, തിങ്കൾ, ബുധൻ ദിവസങ്ങളില്‍ ശാസ്ത്രമേള, ചൊവ്വാഴ്ച ഗണിതശാസ്ത്രമേള എന്നിവ നടക്കും. പ്രവൃത്തിപരിചയ മേള, ഐടി മേള എന്നിവ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്. ഭക്ഷണം റെഡി മേലാറ്റൂർ ജില്ലാ ശാസ്ത്രോത്സവ നഗരിയിൽ പാചകപ്പുര സജീവമായി. കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് ഭക്ഷണശാല ഒരുക്കിയത്. മൂന്നുദിവസവും പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യ നൽകാനാണ് സംഘാടകരുടെ തീരുമാനം. ഒരേസമയം 600 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആർ എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ പാലുകാച്ചൽ ഉദ്ഘാടനംചെയ്തു. ഭക്ഷണകമ്മിറ്റി ചെയർമാൻ വി ഇ ശശിധരൻ അധ്യക്ഷനായി. കൺവീനർ ഷൈജി ടി മാത്യു, കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറി വീരാപ്പു, പ്രിൻസിപ്പൽ വി വി വിനോദ്, പിടിഎ പ്രസിഡന്റ് എം സതീഷ് കുമാർ, വി കെ റൗഫ്, കെ കെ സിദ്ദിഖ്, എം എൻ അരുൺ, ടി ജയേഷ്, പി ദീപ, പി ആർ ജയന്തി എന്നിവർ പങ്കെടുത്തു. Read on deshabhimani.com