അന്‍വര്‍ തീവ്രവാദശക്തികളുടെ 
തടവറയിൽ: ഇ എന്‍ മോഹന്‍ദാസ്

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ​ദാസ്‌ 
വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു


മലപ്പുറം തീവ്രവാദശക്തികളുടെ തടവറയിലാണ് പി വി അൻവർ എംഎൽഎയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ​ദാസ് പറഞ്ഞു. തനിക്കെതിരെയുള്ള അൻവറിന്റെ അധിക്ഷേപ പരാമർശങ്ങളെ പുച്ഛത്തോടെ തള്ളുകയാണ്. തീവ്രവർഗീയതയുടെ പന്തമാണ് അൻവർ തെളിക്കുന്നത്. അവസരവാദ നിലപാടുകളിലൂടെ നാടിനെ കുട്ടിച്ചോറാക്കുകയാണ് അൻവർ. സിപിഐ എമ്മിനെതിരെ മുസ്ലിം വികാരമുണ്ടാക്കുന്ന തന്ത്രമാണ് പയറ്റുന്നത്. പാർടിക്കും മുഖ്യമന്ത്രിക്കുമെതിരായ വസ്തുതാവിരുദ്ധ പ്രചാരണം പ്രതിരോധിക്കും. ഇതിലെ അലോസരമാണ് അൻവറിന്റെ പ്രതികരണം. ജില്ലയിൽ 45 ശതമാനം പാർടി അം​ഗങ്ങളും മുസ്ലിം മതവിശ്വാസികളാണ്. ഹജ്ജിനുപോകുന്നവരും നിസ്കരിക്കുന്നവരുമുണ്ട്. അതിന് പാർടി തടസ്സമല്ല. അൻവർ യഥാർഥ വിശ്വാസിയാണോയെന്ന് ആത്മപരിശോധന നടത്തണം. മറ്റൊരു രാഷ്ട്രീയ പ്രതിയോ​ഗികളും തനിക്കെതിരെ ഇങ്ങനെ പറയില്ല. സംഘപരിവാർ പ്രത്യയശാസ്ത്രത്തെ അതിശക്തമായി  എതിർക്കുന്നയാളാണ് താൻ. വ്യക്തിവിരോധം തീർക്കാൻ തരംതാഴുന്നത് നിർഭാ​ഗ്യകരമാണ്.  ഒന്നോ രണ്ടോ തവണമാത്രമേ പി വി അൻവർ ജില്ലാ കമ്മിറ്റി ഓഫീസിൽ വന്നിട്ടുള്ളൂ. ഫോണിലൂടെപോലും മുൻ ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനെതിരെ അൻവർ പരാതിപ്പെട്ടിട്ടില്ല. പാർടി ഓഫീസിൽവച്ച് തനിക്കെതിരെ കൈയേറ്റമുണ്ടായെന്ന അൻവറിന്റെ പ്രസ്താവന കോൺഗ്രസിലെ പരിചയത്തിൽനിന്നാണ്. കമ്യൂണിസ്റ്റ് പാർടിയുടെ പാരമ്പര്യം അതല്ല. തന്റെ പൊതുപ്രവർത്തനം തുറന്ന പുസ്തകമാണ്. കച്ചവടമല്ല, ജനസേവനമാണ് തന്റെ രാഷ്ട്രീയം.  മണ്ഡലത്തിലെ അൻവറിന്റെ പ്രകടനം അപര്യാപ്തമാണ്. വികസന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ അൻവർ ഇടപെടുന്നില്ല. എംഎൽഎ ഫണ്ട് വിനിയോ​ഗം സംബന്ധിച്ച് ജില്ലാ കമ്മിറ്റി നിർദേശം നൽകാറില്ല. അൻവറിന്റെ പരാമർശങ്ങൾ വർഗീയശക്തികൾക്ക് കരുത്തുപകരുകമാത്രമേ ചെയ്യൂവെന്നും ഇ എൻ മോഹൻ​ദാസ് പറഞ്ഞു. Read on deshabhimani.com

Related News