"ട്വിങ്കിൾ’ സിമ്പിളാക്കും ഇംഗ്ലീഷ്
മലപ്പുറം നാലാം ക്ലാസ് വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനും പ്രത്യേക പരിപാടിയുമായി കെഎസ്‌ടിഎ. "ട്വിങ്കിൾ' പേരിലുള്ള പഠനപോഷണ പദ്ധതി ആദ്യഘട്ടം ജില്ലയിലെ 50 വിദ്യാലയങ്ങളിൽ നടപ്പാക്കും. ഇതിനായി റിസോഴ്സ് പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രയാസമില്ലാതെ, അധികസമയം കണ്ടെത്താതെ നിലവിലുള്ള ഇംഗ്ലീഷ് പാഠഭാഗങ്ങളോടുചേർന്നാണ് പുസ്തകം തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് അധ്യാപകർക്ക് പരിശീലനം നൽകി. പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം ചൊവ്വാഴ്ച തിരൂർ ബിപി അങ്ങാടി ജിഎൽപി സ്കൂളിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിക്കും. "മികവ് 2024' പേരിൽ 10 അക്കാദമിക മുന്നേറ്റ പദ്ധതികളാണ് കെഎസ്‌ടിഎ ഈ വർഷം നടപ്പാക്കുന്നത്. ഡി ഗ്രേഡില്ലാത്ത പത്താം ക്ലാസിനായി "ഗണിതം ലളിതം', അധ്യാപകർക്ക് നിർമിതബുദ്ധി പരിശീലനം, 2019നുശേഷം സർവീസിൽ പ്രവേശിച്ചവർക്കായി നവാധ്യാപക പരിശീലനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ സ്കൂളുകളിലും എൽഎസ്എസ്, യുഎസ്എസ് പരിശീലനവും മാതൃകാപരീക്ഷകളും ശനിയാഴ്ചമുതൽ തുടങ്ങും. 10, 11, 12 ക്ലാസുകളിലെ കുട്ടികളുടെ പഠനമികവിനായി വിദ്യാജ്യോതി മൊഡ്യൂളും ലഭ്യമാക്കും. Read on deshabhimani.com