ഹൈക്കോടതി നിർദേശം ; കരിവീരനും കരിമരുന്നിനും കടുത്ത നിയന്ത്രണങ്ങൾ , പൂരപ്രൗഢിക്ക് ‘കരി’നിഴൽ
തൃശൂർ കരിവീരനും കരിമരുന്നിനും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തും. എഴുന്നള്ളിപ്പിന് ഹൈക്കോടതി പുറത്തിറക്കിയ നിർദേശം പാലിച്ചാൽ കേരളത്തിൽ പൂരം വിസ്മൃതിയിലാവുമെന്ന് ദേവസ്വം ഭാരവാഹികളും പൂരപ്രേമികളും. 36 മണിക്കൂർ നീളുന്ന തൃശൂർ പൂരത്തിന്റെ പല ചടങ്ങുകളും നടത്താനാവില്ല. എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നാണ് പ്രധാന നിർദേശം. തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമാണ് കുടമാറ്റം. തെക്കേഗോപുര നടയിലാണ് തിരുവമ്പാടി–- പാറമേക്കാവ് വിഭാഗത്തിന്റെ 15 ആന വീതം മുഖാമുഖം അണിനിരക്കുക. നിർദിഷ്ട അകലം പാലിക്കാൻ ഇവിടെ സ്ഥലമില്ല. ഗുരുവായൂർ ക്ഷേത്രത്തിലുൾപ്പെടെ ശീവേലി മുടങ്ങും. ആനയുമായി കാണികൾ എട്ടു മീറ്റർ അകലം പാലിക്കണമെന്ന നിർദേശവും പ്രതിസന്ധി തീർക്കും. തൃശൂർ പൂരത്തിൽ രാവിലെ ചെറുപൂരങ്ങളുടെ വരവ്, തിരുവമ്പാടി മഠത്തിൽ വരവ്, പാറമേക്കാവ് എഴുന്നള്ളിപ്പ്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം ഇതെല്ലാം സ്വരാജ് റൗണ്ടുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനാൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുതെന്ന വ്യവസ്ഥയും പ്രതിസന്ധിയാവും. മറ്റു പൂരങ്ങൾക്കും നേർച്ചകൾക്കും പെരുന്നാളുകൾക്കും ആനകളെ എഴുന്നള്ളിപ്പിക്കാനാവില്ല. മറ്റ് നിബന്ധനകളും പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുകളേറെ. രാത്രി പത്തു മുതൽ നാലുവരെ ആനകളുടെ യാത്ര ആറാട്ടുപുഴയടക്കമുള്ള രാത്രി പൂരങ്ങളെ പ്രതിസന്ധിയിലാക്കും. വെടിക്കെട്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണിത്. പൂരം നിരോധിച്ചതിനു തുല്യമായ ഉത്തരവാണിതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും ഉത്സവങ്ങളെയാകെ പ്രതിസന്ധിയിലാക്കുമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കെ ഗിരീഷ്കുമാറും പറഞ്ഞു. ആന എഴുന്നള്ളിപ്പ് ; ഹൈക്കോടതി മാർഗരേഖ അപ്രായോഗികമെന്ന് എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ പലതും അപ്രായോഗികമാണെന്ന് എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ഉത്സവങ്ങൾ, പൂരം, നേർച്ച, പെരുന്നാൾ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പുകൾക്ക് അന്ത്യംകുറിക്കുന്നതാവും ഉത്തരവ്. അപ്രായോഗിക മാർഗനിർദേശങ്ങൾ ഒഴിവാക്കണമെന്ന് കോടതിയോടും കേന്ദ്ര-–- സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അവശേഷിക്കുന്ന 382ൽ താഴെ മാത്രമുള്ള നാട്ടാനകളെ സംരക്ഷിക്കണം. ആനകളുടെ സംരക്ഷണവും സുരക്ഷയും പറഞ്ഞ് അപ്രായോഗിക നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. യോഗത്തിൽ ചെയർമാൻ കെ പി മനോജ്കുമാർ അധ്യക്ഷനായി. സെക്രട്ടറി പി ശശികുമാർ സംസാരിച്ചു. Read on deshabhimani.com