ഒഴിവ്‌ ഒന്നരലക്ഷം , നികത്താതായിട്ട് 7 വർഷം ; പൊതുമേഖലാ ബാങ്കുകളിൽ എസ്‌ബിഐയിൽ മാത്രം 70,000 ഒഴിവ്‌



പാലക്കാട്‌ പൊതുമേഖലാ ബാങ്കുകളുടെ ലയനം തുടങ്ങിയതോടെ ഒന്നരലക്ഷം ഒഴിവുകൾ നികത്താതെ കേന്ദ്രസർക്കാർ. 2017 ൽ ബാങ്ക്‌ ലയനം തുടങ്ങിയതിന്‌ പിന്നാലെ ഒഴിവുകൾ നികത്താതെ ജീവനക്കാർക്ക്‌ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്‌. ലയനശേഷം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽനിന്ന്‌ 12 ആയി. 10.25 ലക്ഷം ജീവനക്കാരുണ്ടായിരുന്ന ബാങ്കിങ്‌ മേഖലയിൽ ഇപ്പോളത്‌ 8.70 ലക്ഷമായി. സ്ഥിരം ജോലിയിൽ നാലിലൊന്ന്‌ ഭാഗം ഏഴ്‌ വർഷത്തിനിടയിൽ ഇല്ലാതായി. 1.55 ലക്ഷം ഒഴിവ്‌ നികത്താതെ കരാർ നിയമനം നടത്തുന്നു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ മാത്രം 70,000 ഒഴിവുണ്ട്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫിക്‌സഡ്‌ ടേം എംപ്ലോയ്‌മെന്റ്‌, അപ്രന്റീസ്‌ഷിപ് ആക്ട്‌ എന്നിവയുടെ ചുവടുപിടിച്ചാണ്‌ താൽക്കാലിക നിയമനം. 10,000 രൂപ മാസശമ്പളത്തിൽ മൂന്നുവർഷത്തിനാണ്‌ കരാർ നിയമനം. ഇതിലേക്ക്‌ ഉദ്യോഗാർഥികളെ എത്തിക്കുന്ന സ്വകാര്യ ഏജൻസികൾക്ക്‌ വൻതുകയാണ്‌ കമീഷൻ ലഭിക്കുന്നത്‌. എസ്‌ബിഐ 
പരീക്ഷണശാല പുതിയ തൊഴിൽ നിയമങ്ങളുടെ പരീക്ഷണശാലയായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ കേന്ദ്ര സർക്കാർ മാറ്റി. എസ്‌ബിഐ – -എസ്‌ബിടി ലയനശേഷം രാജ്യവ്യാപകമായി 2500 ശാഖകൾ പൂട്ടി. കേരളത്തിൽ മാത്രം 225 ശാഖകൾ ഇല്ലാതായി. 2017 ഏപ്രിൽ ഒന്നിന്‌ ഇരുബാങ്കുകളും ലയിക്കുമ്പോൾ 2,90,000 ജീവനക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ 2,20,000 ആയി. എസ്‌ബിഐയെ 22 പ്രത്യേക പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനികളാക്കി മാറ്റിയാണ്‌ സ്വകാര്യവൽക്കരണത്തിനുള്ള നീക്കം തുടങ്ങിയത്‌. എസ്‌ബിഐയിൽ കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 56.92 ശതമാനം ഓഹരികൾ വിൽക്കാനുള്ള ശ്രമവും ആരംഭിച്ചു. കമ്പനികളുടെ ലാഭം പെരുപ്പിച്ച്‌ കാണിച്ചാണ്‌ ഇതിന്‌ കളമൊരുക്കുന്നത്‌. കഴിഞ്ഞ സാമ്പത്തിക വർഷം എസ്‌ബിഐയുടെ ലാഭം 63,000 കോടി രൂപയാണ്‌. കാർഡ്‌, ഇൻഷുറൻസ്‌ തുടങ്ങിയ സേവനങ്ങൾക്ക്‌ പ്രത്യേകം കമ്പനികളാണ്‌. ഇതിലൂടെയാണ്‌ ലാഭം പെരുപ്പിക്കുന്നത്‌. ജീവനക്കാർക്ക്‌ അമിത ഭാരം അടിച്ചേൽപ്പിക്കുന്നതും കമ്പനികളുടെ മറവിലാണ്‌. ബാങ്കിന്റെ ജോലികൾ പുറംകരാർ നൽകുന്നതും നോൺ ബാങ്കിങ്‌ ഫിനാൻഷ്യൽ കമ്പനികളുമായി വായ്‌പ വിതരണ കരാറിൽ ഏർപ്പെടുന്നതും ജീവനക്കാരെ വെട്ടിക്കുറയ്‌ക്കാനാണെന്ന്‌ ബിഇഎഫ്‌ഐ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ സജി വർഗീസ്‌ പറഞ്ഞു. Read on deshabhimani.com

Related News