എം പി വീരേന്ദ്രകുമാർ എം പി അന്തരിച്ചു
കോഴിക്കോട് : മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവുമായ എം പി വീരേന്ദ്രകുമാർ എം പി അന്തരിച്ചു. ഹൃദായാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്‌ച വയനാട് കൽപ്പറ്റയിൽ. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ൽ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു. മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി(ഐ എൻ എസ് )യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പി ടി ഐ ഡയറക്ടർ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു. 1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയിൽ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന പരേതനായ എം കെ പത്മപ്രഭാഗൗഡർ. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽനിന്ന് എം ബി എ ബിരുദവും നേടി. 1992-‐93, 2003-‐04, 2011-‐12 കാലയളവിൽ പി ടി ഐ ചെയർമാനും 2003-‐04 ൽ ഐ എൻ എസ് പ്രസിഡന്റുമായിരുന്നു. സ്‌കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് ജയപ്രകാശ് നാരായൺ ആണ് സോഷ്യലിസ്‌റ്റ് പാർടിയിൽ അംഗത്വം നല്കിയത്. ഭാര്യ : ഉഷ. മക്കൾ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ(മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ ) പ്രഭാഷകൻ, ചിന്തകൻ, എഴുത്തുകാരൻ, രാഷ്ട്രീയ നേതാവ്, പാർലമെന്റേറിയൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ എം പി വീരേന്ദ്രകുമാർ 1936 ജൂലൈ 22ന് ജനിച്ചു.അച്ഛൻ: എം കെ പത്മപ്രഭ ഗൗഡർ, അമ്മ: മരുദേവി അവ്വ. അടിസ്ഥാന വിദ്യാഭ്യാസം കർണാടകയിൽ. തുടർന്ന് കൽപറ്റ സുബ്ബ കൃഷ്ണാ സ്മാരക ജയിൻ ഹൈസ്കൂളിൽ. കോഴിക്കോട് സാമൂതിരി കോളേജി(ഇപ്പോൾ ഗുരുവായൂരപ്പൻ കോളേജ്)ൽനിന്ന് ബിരുദം. മദ്രാസ് രാമകൃഷ്ണ മിഷൻ വിവേകാനന്ദ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം. അമേരിക്കയിൽ നിന്ന് എംബിഎ. അച്ഛൻ പ്ലാന്ററും സോഷ്യലിസ്റ്റ് നേതാവും. അദ്ദേഹത്തിന്റെ പാതയിൽ പൊതുജീവിതം തുടങ്ങി. സ്കൂൾ വിദ്യാർഥിയായിരിക്കെ രാഷ്ട്രീയത്തിൽ. തുടർന്ന് സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവം. ഇക്കാലത്ത് ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായി. സോഷ്യലിസ്റ്റ് തത്വങ്ങളിൽ ബോധ്യംവന്ന വീരൻ പ്രക്ഷോഭങ്ങളിൽ മുൻപന്തിയിലുണ്ടായി. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ പ്രവർത്തനങ്ങളിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലടച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലുള്ള പങ്കാളിത്തം സ്വത്ത് കണ്ടു കെട്ടുന്നതിലേക്കുമെത്തി. സോഷ്യലിസ്റ്റ് പാർടിയെ സോഷ്യലിസ്റ്റ് മുന്നണിയായി വികസിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. രാം മനോഹർ ലോഹ്യയുമായും മറ്റ് ഇടതുപക്ഷ നേതാക്കളുമായുമുള്ള ബന്ധം ധൈഷണിക കാഴ്ചപ്പാടിനെ രൂപപ്പെടുത്തി. ജയപ്രകാശിന്റെ പ്രസ്ഥാനത്തിലൂടെയാണ് വീരേന്ദ്രകുമാർ തലയെടുപ്പുള്ള രാഷ്ട്രീയക്കാരനായത്. സംയുക്ത സോഷ്യലിസ്റ്റ് പാർടി ട്രഷററും ദേശീയ കമ്മിറ്റി അംഗവുമായി. പിൽക്കാലത്ത് സംയുക്ത സോഷ്യലിസ്റ്റ് പാർടി പിളർന്ന് സോഷ്യലിസ്റ്റ് പാർടി രൂപംകൊണ്ടപ്പോൾ ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായി. മറ്റു പാർടികളുമായി ബന്ധപ്പെട്ട് പ്രസ്ഥാനം വിപുലീകരിച്ചു. തുടർന്ന് കേരളത്തിലെ പ്രതിപക്ഷ ഏകോപന സമിതി കൺവീനൻ. 1980ൽ സോഷ്യലിസ്റ്റ് പാർടി ചെറിയ ഗ്രൂപ്പുകളായി പിളർന്നു. തുടർന്നാണ് ജനതാപാർടി രൂപം കൊണ്ടത്. വീരേന്ദ്രകുമാർ സ്ഥാപക നേതാക്കളിൽ ഒരാളായി. വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പരസ്പരം മല്ലടിച്ച വിഭാഗങ്ങളെ യോജിപ്പിക്കുന്ന ശക്തിയായി പ്രവർത്തിച്ചു.87‐91 കാലത്ത് കൽപറ്റയെ പ്രതിനിധീകരിച്ച് സഭാംഗവും വനം മന്ത്രിയുമായി.1996ൽ കോഴിക്കോടുനിന്ന് ലോകസഭയിലേക്ക്. ഇക്കാലത്ത് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ധനസഹമന്ത്രിയായി. ഐ കെ ഗുജറാൾ മന്ത്രിസഭയിൽ തൊഴിൽ സഹമന്ത്രിയും. പിന്നീട് പാലർമെന്ററി, തൊഴിൽ, നഗരകാര്യ വകുപ്പുകളും കൈകാര്യംചെയ്തു. വീരേന്ദ്രകുമാർ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനുമായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. അതിൽ രാമന്റെ ദു:ഖം ഏറെ ജനപ്രീതി നേടി. ആമസോണും കുറേ വ്യാകുലതകളും കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി. ഹൈമവതഭൂവിൽ കേന്ദ്ര സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ നേടി. മലയാള സാഹിത്യത്തിനുള്ള സംഭാവന പരിഗണിച്ച് മറ്റു അംഗീകാരങ്ങളും ലഭിച്ചു. സി അച്യുതമേനോൻ,ഓടക്കുഴൽ, ആദ്യ ഭാരത് സൂര്യ അവാർഡുകൾ, ദുബായ് കൈരളി കലാകേന്ദ്രം പുരസ്കാരങ്ങൾ എന്നിവയും നേടി. മറ്റ് പ്രധാന കൃതികൾ: മൺവയലിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാ ചരടുകളും, ആത്മാവിലേക്കൊരു തീർത്ഥയാത്ര, പ്രതിഭയുടെ വേരുകൾതേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോൾ,ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (ഗാട്ടിനു ശേഷമുള്ള ഒരന്വേഷണം), രോഷത്തിന്റെ വിത്തുകൾ, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ. പിടിഐയുടെ ആദ്യ വൈസ് ചെയർമാൻ, പിന്നീട് ചെയർമാനും. പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റിന്റെ ട്രസ്റ്റി, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ഡപ്യൂട്ടി പ്രസിഡന്റ്, ചെയർമാൻ, ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി അംഗം, മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ചെയർമാൻ‐ മാനേജിങ് ഡയറക്ടർ എന്നിങ്ങനെ പദവികൾ അലങ്കരിച്ചു. സംസ്ഥാനത്തെ പ്രസിദ്ധീകരണ വ്യവസായത്തിൽ വീരേന്ദ്രകുമാറിന് വിലപ്പെട്ട അനുഭവമുണ്ടായിരുന്നു. 79ൽ മാതൃഭൂമി പത്രത്തിന്റെ നടത്തിപ്പു ചുമതല ഏറ്റെടുത്തു. Read on deshabhimani.com