26 ഇടത്ത്‌ ഉരുൾപൊട്ടി

കൂറ്റൻ പാറകൾ വീണ നെല്ലിയാമ്പതി ചുരം റോഡ്


കൊല്ലങ്കോട്  നെല്ലിയാമ്പതി ചുരം റോഡിൽ 26 ഇടത്ത്‌ ഉരുൾപൊട്ടി. വലിയ പാറകളും മരങ്ങളുംവീണ്‌ ചുരം റോഡിൽ ഗതാഗതം മുടങ്ങി. പൊതുമരാമത്ത്, ജിയോളജി, പഞ്ചായത്ത്, പൊലീസ്, വനം, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്‌. കുണ്ടറംചോലയ്ക്കും ഇരുമ്പുപാലത്തിനും ഇടയിൽ 26 ഇടങ്ങളിലാണ്‌ മണ്ണും പാറയും കല്ലും മരങ്ങളും റോഡിലേക്ക് വീണത്‌. മൂന്നിടത്ത്‌ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ മാറ്റാൻ കഴിയാത്തത്രയും വലിയ പാറക്കല്ലുകളാണ്‌ റോഡിൽ പതിച്ചത്‌.   ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ കംപ്രസ്സറുകളും ജാക്കിയും ഹാമറും ഉപയോഗിച്ച് പാറകൾ കഷ്‌ണങ്ങളാക്കുന്ന പണി തുടങ്ങി. റോഡിലേക്ക് ഒഴുകിയെത്തിയ രണ്ടടിയോളം പൊക്കത്തിൽ കിടക്കുന്ന ചളിയും മണലും മണ്ണും നീക്കുന്നുമുണ്ട്‌. വെള്ളം വശങ്ങളിലൂടെ ഒഴുക്കി വിട്ട് കലുങ്കുകളിലൂടെ കടന്നുപോകാനുള്ള സംവിധാനവുമുണ്ടാക്കി. മൂന്നു ദിവസത്തിനകം താൽക്കാലിക ഗതാഗത സൗകര്യം ഏർപ്പെടുത്തിയാലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരും. കെ ബാബു എംഎൽഎയുടെ ഇടപെടലിൽ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്‌.  മഴക്കെടുതിയിൽപ്പെട്ടവർക്കായി പാടഗിരിയിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്‌. പാടഗിരി  പോളച്ചിറക്കൽ ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ നൂറടി, പാടഗിരി പ്രദേശത്തെ 15 കുടുംബങ്ങളിലായി 35 പേരുണ്ട്‌. Read on deshabhimani.com

Related News