10 കിലോമീറ്ററോളം നടന്ന് മെഡിക്കൽസംഘം നെല്ലിയാമ്പതിയിലെത്തി
പാലക്കാട് മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായതോടെ നെല്ലിയാമ്പതി പുറംലോകവുമായി ഒറ്റപ്പെട്ടു. മെഡിക്കൽ ഓഫീസറും സംഘവും കൈകാട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത് പത്തുകിലോമീറ്റർ സാഹസിക യാത്ര നടത്തി. ചൊവ്വാഴ്‌ച മുതൽ നെല്ലിയാമ്പതിയിലേക്ക് ഗതാഗതം ഇല്ല. തോട്ടം തൊഴിലാളികളും അതിഥിത്തൊഴിലാളികളും ആദിവാസികളും വിനോദ സഞ്ചാരികളും വൈദ്യസഹായത്തിന് ആശ്രയിക്കുന്ന ഏക സ്ഥാപനം കൈകാട്ടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രമാണ്. നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ആനന്ദ്, അസി. സർജൻ ലക്ഷ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ ജെ ജോയ്സൺ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സംഗീത, അറ്റൻഡർ വി മുനിസാമി, പാർടൈം സ്വീപ്പർ രാജൻ എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് പ്രയാസപ്പെട്ട് ആരോഗ്യകേന്ദ്രത്തിലെത്തിയത്. കുണ്ടറംചോല മുതൽ നടന്ന്, വീണു കിടക്കുന്ന മരങ്ങളുടെ മുകളിൽ കയറിയും വലിയപാറക്കല്ലുകളുടെ മുകളിൽ പറ്റിപ്പിടിച്ചു കയറി സാഹസികമായാണ് ഇവർ അവിടെയത്തിയത്. കുണ്ടറംചോല മുതൽ ഇരുമ്പുപാലംവരെ മെഡിക്കൽ ടീമിന്റെ കൂടെ വനം ഗാർഡ് സമീർ, വാച്ചർമാരായ ബിനു, സുരേഷ് എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com