‘കവചം' ട്രയല്‍ റണ്‍ ഇന്ന്



പാലക്കാട്‌ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ‘കവചം സൈറണുകളുടെ' ട്രയൽ റൺ ചൊവ്വാഴ്‌ച നടക്കും. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലാണ് ട്രയൽ റൺ. ദുരന്ത മുന്നറിയിപ്പ് യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുകയാണ്‌ ലക്ഷ്യം. മുതലമട ചുള്ളിയാർമേട്ടിലെ പ്രീ മെട്രിക് ഹോസ്റ്റൽ, കോഴിപ്പാറ ജിഎച്ച്എസ്എസ്, ഒറ്റപ്പാലം ജിഎച്ച്എസ്എസ് ഫോർ ഡഫ്, അട്ടപ്പാടി ഗവ. ഐടിഐ, അഗളി ജിവിഎച്ച്എസ്എസ്  എന്നിവിടങ്ങളിലാണ്‌ സൈറണുകൾ സ്ഥാപിച്ചത്‌. അഗളി മേലേമുള്ളി ഊരിൽ സൈറൺ സ്ഥാപിച്ചെങ്കിലും ഇവിടെ ചൊവ്വാഴ്‌ച ട്രയൽ റൺ നടക്കില്ല. മുതലമട ചുള്ളിയാർമേട്- പകൽ 3.10, കോഴിപ്പാറ- 3.15, ഒറ്റപ്പാലം 3.20, അട്ടപ്പാടി ഗവ. ഐടിഐ 3. 25, അഗളി ജിവിഎച്ച്എസ്എസ് 3.30 എന്നീ സമയങ്ങളിലാണ് സൈറൺ മുഴങ്ങുക. എൻസിആർഎംപി (നാഷണൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ)–-- രണ്ട് പ്രോജക്ടിന്റെ ഭാഗമായി 91 ഏർലി വാണിങ് ഡിസെമിനേഷൻ സിസ്റ്റം (ഇഡബ്ല്യുഡിഎസ്) സൈറണുകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ കേന്ദ്രീകരിച്ചാണ്‌ ഇതിന്റെ നിയന്ത്രണം. വിവിധ അലർട്ടുകൾക്ക് അനുസൃതമായി മൂന്നുതരം  ശബ്ദങ്ങളാണ്‌ ഇത്‌ പുറപ്പെടുവിപ്പിക്കുക. ഇതിനുപുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിച്ചു. സംസ്ഥാന കൺട്രോൾ റൂമുകൾക്കുപുറമെ പ്രാദേശിക ഭരണകേന്ദ്രങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. Read on deshabhimani.com

Related News