കാലിത്തൊഴുത്തിലെ ‘ആനന്ദഭൈരവി’

പരമേശ്വരൻ നമ്പൂതിരി പശുക്കൾക്കൊപ്പം


പാലക്കാട്‌ സംഗീതത്തിൽ 72 മേളകർത്താരാഗങ്ങളാണുള്ളത്‌. അവയിൽനിന്നുള്ള ജന്യരാഗങ്ങൾക്ക്‌ കണക്കില്ല. അതാണ്‌ തിരയടങ്ങാത്ത അനന്തസാഗരമാണ്‌ സംഗീതമെന്ന്‌ പറയുന്നത്‌. ഓരോ രാഗത്തിനും പ്രത്യേക സ്ഥായീഭാവങ്ങളുണ്ട്‌. അത്‌ കേട്ടാൽ എത്ര ക്ഷോഭമുള്ള മനസ്സും ശാന്തമാകും. സംഗീത തെറാപ്പി ഒരു പ്രധാന ചികിത്സാരീതിയായി മാറിയതും അതുകൊണ്ടുതന്നെ.  രാഗങ്ങൾ കേട്ടാൽ മനുഷ്യർ മാത്രമല്ല, പക്ഷി–- മൃഗാദികൾവരെ ശ്രദ്ധിക്കും.  മക്കൾക്ക്‌ രാഗങ്ങളുടെ പേരുനൽകുന്നത്‌ സംഗീതം ഇഷ്ടപ്പെടുന്നവരാണ്‌. എന്നാൽ, മക്കളേക്കാൾ കൂടുതൽ സ്‌നേഹിക്കുന്ന പശുക്കൾക്ക്‌ രാഗങ്ങളുടെ പേര്‌ നൽകിയിരിക്കുകയാണ്‌ പട്ടാമ്പി ഓങ്ങല്ലൂർ പേരമംഗലൂർ മന പരമേശ്വരൻ നമ്പൂതിരി. ഒന്നല്ല, നൂറിലേറെ പശുക്കളുണ്ട്‌ പരമേശ്വരൻ നമ്പൂതിരിയുടെ തൊഴുത്തിൽ. ഇവിടെ കല്യാണിയും തോടിയും അമൃതവർഷിണിയും ആനന്ദഭൈരവിയുമുണ്ട്‌. 72 മേളകർത്താരാഗങ്ങളെല്ലാം ഈ തൊഴുത്തിൽ നമുക്ക്‌ കാണാം. ഓരോ പശുക്കളുടെയും നേരേ അതിന്റെ പേര്‌ എഴുതിവച്ചിട്ടുണ്ട്‌. എല്ലാം രാഗങ്ങൾതന്നെ. ദിവസേന രാവിലെയും വൈകിട്ടും തൊഴുത്തിൽ കർണാട്ടിക്‌ സംഗീതം മുഴങ്ങും.  പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബം പത്തേക്കർ വീട്ടുവളപ്പിൽ എല്ലാത്തരം വിളകളും പരിപാലിക്കുന്നു. മഞ്ഞൾമുതൽ വെളിച്ചെണ്ണവരെ സ്വന്തം ബ്രാൻഡിൽ ഓങ്ങല്ലൂരിലെ ഔട്ട്‌ലെറ്റിലൂടെ വിൽക്കുന്നുണ്ട്‌.  ജൈവരീതിയിലാണ്‌ കൃഷി. പേരമംഗലൂർ ബ്രാൻഡിനൊപ്പം പുരയിടത്തിൽ സംഗീത ക്ലാസും നടത്തുന്നു. പരമേശ്വരൻ നമ്പൂതിരിയുടെ സഹോദരൻ കൃഷ്‌ണൻ നമ്പൂതിരിയുടെ മക്കളായ നാരായണനും യദുവുമാണ്‌ അധ്യാപകർ. സംഗീതത്തിനുപുറമെ നൃത്തം, ചെണ്ട, തബല, മൃദംഗം, ചിത്രരചന എന്നിവയുടെ ക്ലാസുകളുമുണ്ട്‌. ഇരുവരും വയലിൻ കച്ചേരിക്കും പോകാറുണ്ട്‌.  പരമേശ്വരൻ നമ്പൂതിരി ഒരു പാട്ടുകാരനൊന്നുമല്ല, എന്നാൽ, സംഗീതത്തെ അത്രയ്‌ക്ക്‌ ഇഷ്ടപ്പെട്ടതുകൊണ്ടാണ്‌ പശുക്കൾക്ക്‌ രാഗങ്ങളുടെ പേരുനൽകി ചേർത്തുനിർത്തുന്നത്‌. Read on deshabhimani.com

Related News